വടകര: വരൾച്ചയിൽ ജില്ലയിൽ ഇതുവരെ ഒന്നരക്കോടി രൂപയുടെ കൃഷിനാശം. വാഴകൃഷിയെ വരൾച്ച സാരമായി ബാധിച്ചു.
26000 വാഴകളാണ് ഇതുവരെ നശിച്ചത്. ഇതിൽ 20000 വാഴകളും കുലകളായതാണ്. വരള്‍ച്ചയില്‍ നശിക്കാതെകിട്ടുന്ന വാഴക്കുലകള്‍ക്ക് ഗുണനിലവാരം കുറഞ്ഞതുമൂലമുള്ള നഷ്ടവും കനത്തതാണ്. ചൂടില്‍ പെട്ടെന്ന് വാഴക്കുല നശിക്കുന്നതിനാല്‍ വ്യാപാരികള്‍ കുല എടുക്കുന്നത് കുറച്ചിട്ടുണ്ട്.
കുന്നമംഗലം, കൊടുവള്ളി, ബാലുശ്ശേരി ബ്ലോക്കുകളിലാണ് ജില്ലയിൽ ഏറ്റവുമധികം വാഴക്കൃഷിയുള്ളത്. പ്രധാനമായും നേന്ത്രവാഴയാണ്. ജില്ലയില്‍ ഒരുവർഷം 1500 ഹെക്ടർ സ്ഥലത്ത് വാഴകൃഷി ചെയ്യാറുണ്ട്. ഉത്പ്പാദനം ശരാശരി 18000 ടണ്‍. വാഴകൃഷിയെ പ്രധാന വരുമാനമാർഗമായി കാണുന്ന കുന്നമംഗലത്തെയും കൊടുവളളിയിലെയും മറ്റും കർഷകർ വലിയതുക ചെലവഴിച്ച് ജലസേചനം നടത്തിയാണ് വരള്‍ച്ചയെ പ്രതിരോധിച്ചത്. എന്നാല്‍ എല്ലാ പ്രതിരോധത്തെയും കടുത്ത വേനല്‍ തകർത്തു.
വാഴ വാടി നടുവൊടിഞ്ഞുവീഴുന്നതാണ് പ്രധാനപ്രശ്നം. മറ്റൊന്ന് കുലയുടെ തണ്ടുള്‍പ്പെടെ പെട്ടെന്ന് ഉണങ്ങും. ഇതോടെ കായ എത്ര പുകവെച്ചാലും പഴുക്കില്ല. ഉള്‍ഭാഗം കല്ലിച്ചുകിടക്കുന്നതിനാല്‍ ആവശ്യക്കാരുമില്ല. കദളി, മൈസൂർ വാഴക്കുലകളുടെ സ്ഥിതിയും ഇതുതന്നെ. തണ്ടുണങ്ങുന്നതിനാല്‍ പഴം കൊഴിഞ്ഞുവീഴാൻതുടങ്ങും. ഇത് നഷ്ടമുണ്ടാക്കുന്നതിനാല്‍ പേരിനുമാത്രമേ വാഴപ്പഴം വില്‍പ്പനയ്ക്ക് വെക്കുന്നുള്ളൂ.
ഗുണനിലവാരം കുറഞ്ഞതുമൂലമുള്ള നഷ്ടത്തിന് ഒരു ധനസഹായവും കിട്ടില്ലെന്നിരിക്കെ കർഷകർക്ക് ഇത് വലിയ തിരിച്ചടിയാണ്. വാഴകൃഷി കഴിഞ്ഞാല്‍ നെല്‍കൃഷിയെയാണ് വരള്‍ച്ച ബാധിച്ചത്. അഞ്ചുഹെക്ടർ സ്ഥലത്തെ നെല്‍കൃഷി നശിച്ചതായാണ് കണക്ക്. വരള്‍ച്ച നാളീകേര ഉത്പ്പാദനത്തെയും ബാധിച്ചിട്ടുണ്ട്. പലയിടത്തും കുലകള്‍ ഒടിഞ്ഞ് മച്ചിങ്ങ വീഴാൻ തുടങ്ങി. കുരുമുളകുവള്ളികള്‍ ഉണങ്ങുന്ന പ്രശ്നവുമുണ്ട്. ജലസേചനസൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ വേനല്‍ക്കാല പച്ചക്കറികൃഷിയും പ്രതിസന്ധിയിലാണ്.
വിദഗ്ധസംഘം സന്ദർശനംതുടങ്ങി
ജില്ലയില്‍ വാഴകൃഷി വൻതോതില്‍ നശിച്ച കുന്നമംഗലം, കൊടുവള്ളി മേഖലകളില്‍ കൃഷിവകുപ്പിന്റെ ഉന്നതതലസംഘം കൃഷിയിടപരിശോധന തുടങ്ങി. കാർഷിക സർവകലാശാല വിദഗ്ധർ ഉള്‍പ്പെടെ സംഘത്തിലുണ്ട്. കൃഷിനാശം, ഉത്പ്പാദനനഷ്ടം, ഗുണനിലവാരം കുറഞ്ഞതുമൂലമുള്ള നഷ്ടം എന്നിവയെല്ലാം സംഘം വിലയിരുത്തും. ബുധനാഴ്ചവരെയാണ് സന്ദർശനം. ശേഷം വിശദമായ റിപ്പോർട്ട് സർക്കാരിന് നല്‍കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.