കോഴിക്കോട്: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ വൈദ്യുതി ഉപയോഗത്തിൽ വൻ വർധന. ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജില്ലയുടെ മൊത്തം വൈദ്യുതി ഉപഭോഗം 602.34 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 529.47 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം.
വൈദ്യുത വാഹനങ്ങളുടെ ചാർജിംഗ്, എസി, ഫാൻ എന്നിവയുടെ ഉപയോഗം ക്രമാതീതമായി വർധിച്ചതാണ് വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമെന്നാണ് കെഎസ്ഇബി പറയുന്നത്. ഫെബ്രുവരി മാസം ജില്ലയില്‍ 189.82 ദശലക്ഷം യൂണിറ്റ് ഉപയോഗം രേഖപ്പെടുത്തിയപ്പോള്‍ അടുത്ത മാസത്തെ ഉപയോഗം 192.78 ദശലക്ഷം യൂണിറ്റായി ഉയർന്നു.
ഏപ്രിലിലെ ഉപഭോഗം വീണ്ടും ഉയർന്ന് 219.74 ദശലക്ഷം യൂണിറ്റ് ആയി. ജില്ലയിലെ വൈദ്യുതി ഉപഭോഗം കണക്കാക്കുന്നത് കോഴിക്കോട്, വടകര കെഎസ്ഇബി സർക്കിളുകളിലെ ആകെ ഉപഭോഗം കണക്കാക്കിയാണ്. 2024 ഫെബ്രുവരി-ഏപ്രില്‍ കാലയളവില്‍ കോഴിക്കോട് സർക്കിളില്‍ 434.88 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തിയപ്പോള്‍ ഇതേ മാസങ്ങളില്‍ വടകര സർക്കിളില്‍ ഇത് 167.46 ദശലക്ഷം യൂണിറ്റാണ്.
ഈ വർഷം ഉപഭോഗം കൂടിയ സമയം (പീക്ക് ടൈം) രാത്രി 10 മുതല്‍ പുലർച്ചെ രണ്ട് വരെയാണ്. കഴിഞ്ഞ വർഷം ഇത് വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.