കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ നടക്കുന്ന വിജയാഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുതെന്നും ഇതുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ താഴേത്തട്ടിലേക്ക് നല്‍കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പ് ദിവസത്തിലെന്ന പോലെ വോട്ടെണ്ണല്‍ ദിനത്തിലും ജില്ലയില്‍ സാമാധാനപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണം. ചെറിയ അക്രമ സംഭവങ്ങള്‍ വലിയ സംഘര്‍ഷങ്ങളായി മാറുന്ന സ്ഥിതി പലപ്പോഴും ഉണ്ടാവാറുണ്ടെന്നും അത്തരം അനിഷ്ട സംഭവങ്ങള്‍ ജില്ലയില്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ ഓർമിപ്പിച്ചു.
ജില്ലയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന യാതൊന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പ് വേളയിലെന്ന പോലെ വോട്ടെണ്ണല്‍ ദിനത്തിലും സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനായി കര്‍ശന സുരക്ഷാ സംവിധാനം ഒരുക്കിയതായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല് മീണ, വടകര റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാർ എന്നിവര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും വോട്ടെണ്ണല്‍ ദിനത്തിന് മുന്നോടിയായി ഉടന്‍ തന്നെ എടുത്തുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണം. ആഹ്ലാദ പ്രകടനങ്ങള്‍ ഒരു കാരണവശാലും രാത്രിയിലേക്ക് നീളുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. ആഘോഷ പരിപാടികളുടെ ഭാഗമായി പടക്കങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു.
യോഗത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല് മീണ, വടകര റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാർ, വടകര ലോക്സഭാ മണ്ഡലം വരണാധികാരികൂടിയായ എഡിഎം കെ. അജീഷ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ശീതള്‍ ജി. മോഹന്‍, പാര്‍ട്ടി പ്രതിനിധികളായ പി.എം. അബ്ദുറഹ്മാൻ (കോണ്‍ഗ്രസ്), എം. ഗിരീഷ് (സിപിഎം), കെ.കെ. നവാസ് (മുസ്ലിം ലീഗ്), അജയ് നെല്ലിക്കോട് (ബിജെപി), പി.ടി. ആസാദ് (ജനതാദള്‍ എസ്) എന്നിവര്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.