കോഴിക്കോട്: കല്ലായി റെയില്‍വേ സ്റ്റേഷനില്‍ ചരക്കിറക്ക് പ്ലാറ്റ്ഫോം നവീകരണ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. 8.75 കോടി ചെലവിലാണ് അണ് ലോഡിംഗ് പ്ലാറ്റ് ഫോം ഉയർത്തി നീളംകൂട്ടി നവീകരിക്കുന്നത്.
പദ്ധതി യാഥാർഥ്യമാവുന്നതോടെ കല്ലായി സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിനുകളില്‍നിന്നുള്ള ചരക്കിറക്കല്‍ എളുപ്പത്തിലാവും. ഓരോ ട്രെയിൻ എത്തുമ്ബോഴും ചുരുങ്ങിയത് അഞ്ച് മണിക്കൂറെങ്കിലും ലാഭിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
640 മീറ്റർ നീളത്തിലാണ് പുതിയ അണ്‍ലോഡിംഗ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഇലക്ട്രിഫിക്കേഷൻ വർക്ക് അടക്കം പൂർത്തിയായി. കൂടാതെ 360 മീറ്റർ നീളത്തില്‍ മറ്റൊരു അഡീഷനല്‍ ലൈൻകൂടി സ്ഥാപിച്ചിട്ടുണ്ട്. ഈമാസം അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
അണ് ലോഡിംഗ്പ്ലാറ്റ് ഫോമിന് നീളമില്ലാത്തതിനാല്‍ വാഗണുകള്‍ മൂന്ന് ഭാഗങ്ങളായി മുറിച്ച് മൂന്ന് പ്ലാറ്റ്ഫോം ലൈനികളിലാക്കി പുനർവിന്യസിച്ചാണ് ഇവിടെ ചരക്കുകള്‍ ഇറക്കിയിരുന്നത്. പുതിയ പ്ലാറ്റ്ഫോം തുറക്കുന്നതോടെ ഈ പ്രതിസന്ധി ഒഴിവാകും.
പ്ലാറ്റ് ഫോം ഉയർത്തിയതോടെ ലോറികള്‍ കയറ്റുന്നതിനായി റോഡ് റാംപും നിർമിച്ചിട്ടുണ്ട്. നേരത്തേ ഉണ്ടായിരുന്ന അണ്ലോഡിംഗ്് ലൈനുകളില്‍ ലോറിബേ ആക്കിയും സൗകര്യപ്പെടുത്തി.
ചരക്കിറക്കുന്ന ഭാഗം ലൈറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
59 വാഗണുകളുമായാണ് അധിക ചരക്കു ട്രെയിനുകളും സർവിസ് നടത്തുന്നത്. പ്ലാറ്റ് ഫോമിന് നീളം കൂട്ടിയതോടെ ഇത്തരം ട്രെയിനുകളിലെ വാഗണുകള്‍ വേർപെടുത്താതെതന്നെ ചരക്കുകള്‍ ഇറക്കാനാവും. 20 വാഗണുകളുമായി വരുന്ന ട്രെയിനുകള്‍ അഡീഷനല്‍ ലൈനില്‍ കയറ്റിയിട്ട് ചരക്കുകള്‍ ഇറക്കാൻ സാധിക്കും.
നവീകരണ പ്രവൃത്തിയുടെ ഭാഗമായി മാർച്ച് ഒന്നുമുതല്‍ കല്ലായി റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിനുകള്‍ നിരോധിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.