കൊടുവള്ളി: വീട്ടുകാർ ബന്ധുവീട്ടിൽ പോയപ്പോൾ വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് 32 പവൻ്റെ സ്വർണാഭരണങ്ങൾ കവർന്നു. കിഴക്കോത്ത് കച്ചേരിമുക്ക് താളിയില്‍ മുസ്തഫയുടെ വീട്ടിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.
വീടിൻ്റെ അടുക്കള ഭാഗത്തെ ഇരുമ്പ് ഗ്രില്ലിൻ്റെ പൂട്ടും വീടിൻ്റെ പൂട്ടും തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ വീടിൻ്റെ മുകൾ നിലയിലെ അലമാരയുടെ പൂട്ട് തകർത്ത് 32 പവൻ വരുന്ന സ്വർണാഭരണങ്ങള്‍ കവരുകയായിരുന്നു.
ശനിയാഴ്ച രാവിലെ മുസ്തഫയുടെ ഭാര്യ വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. ഞായറാഴ്ച രാവിലെ സമീപത്തെ ബന്ധുക്കളാണ് വീടിൻ്റെ വാതിലുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്.
തുടർന്ന് വീട്ടുകാർ വീട് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. പരാതിയെ തുടർന്ന് കൊടുവള്ളി പോലീസ് കേസെടുത്ത് തെളിവെടുപ്പ് നടത്തി. വടകരയിൽ നിന്ന് ഡോഗ് സ്ക്വാഡും കോഴിക്കോട് നിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.