ഇസ്ലാമാബാദ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ചെയര്മാന് സ്ഥാനത്തേക്ക് ഇത്തവണ ഇന്ത്യക്കാരന് വരുന്നതിനെ എതിര്‍ത്ത് പരസ്യപ്രസ്താവനയുമായി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്മാന് ഇഹ്സാന്‍ മാനി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി ഇക്കുറി ഐസിസി പ്രസിഡന്റ് സ്ഥാനത്തെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എതിര്‍പ്പുമായി പാക് ബോര്‍ഡിന്റെ രംഗപ്രവേശം.
ഐസിസിയിലെ പ്രമുഖ രാജ്യങ്ങളായ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് വരരുതെന്നാണ് മാനിയുടെ ആവശ്യം. ഈ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ രാഷ്ട്രീയം കളിക്കുന്നതായും ഇഹ്സാന്‍ മാനി ആരോപിച്ചു. ഇന്ത്യക്കാരനായ ശശാങ്ക് മനോഹര്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ സ്ഥാനമൊഴിഞ്ഞതു മുതല്‍ ഐസിസി ചെയര്മാന് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഇമ്രാന് ഖവാജയാണ് ഇപ്പോള്‍ താല്‍ക്കാലിക ചുമതല വഹിക്കുന്നത്.
‘പുതിയ തലവനെ ഇതുവരെ കണ്ടെത്താനാകാത്തത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ മാനി 2014ലാണ് സ്വന്തം താല്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യയും ഇംഗ്ലണ്ടും ഓസ്ട്രേലിയയും ചേര്‍ന്ന് ഐസിസിയില്‍ രാഷ്ട്രീയം കളിച്ചുതുടങ്ങിയെന്നും ഇപ്പോള്‍ അതിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് അവര്‍’ എന്നും ആരോപിച്ചു.
ഈ മൂന്നു ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കു പുറത്തുനിന്നുള്ള ഒരാള്‍ ചെയര്മാന് പദവിയിലെത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും ഉചിതമെന്നും മാനി നിര്‍ദേശിച്ചു. 2003 മുതല്‍ 2006 വരെ ഐസിസി ചെയര്മാന് പദവി വഹിച്ച വ്യക്തി കൂടിയാണ് മാനി. അതേസമയം, തനിക്ക് ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
‘എന്തായാലും ഞാന്‍ ആ സ്ഥാനം ആഗ്രഹിക്കുന്നില്ല. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ചിലര്‍ എന്നോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. പക്ഷേ, പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനെ സേവിക്കാനാണ് താല്പര്യമെന്ന് ഞാന്‍ അവരെ അറിയിച്ചിട്ടുണ്ട്. ഐസിസി ചെയര്‍മാനായി ഞാന്‍ മുന്‍പേ ജോലി ചെയ്തിട്ടുണ്ടല്ലോ’ എന്നും മാനി ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.