വടകര: കൊപ്ര വില ക്വിന്റലിന് 23,250 രൂപ എന്ന റെക്കോർഡ് ഉയർന്ന സാഹചര്യത്തിൽ, 11,582 രൂപ താങ്ങുവിലയിൽ 30,000 ടൺ കൊപ്ര സംഭരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു.
സാധാരണയായി, വിപണി വില താങ്ങുവിലയ്ക്ക് താഴെയാകുമ്പോഴാണ് സംഭരണ നടപടികൾ സ്വീകരിക്കുന്നത്. എന്നാല്‍, വിപണിയിലെ താങ്ങുവിലയുടെ ഇരട്ടി വില ലഭിക്കുമ്പോൾ സംഭരണത്തിനായി നാല് സംസ്ഥാനതല ഏജൻസികളെ നിയമിച്ചുകൊണ്ട് കൃഷി വകുപ്പ് ഇന്നലെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിലവിലെ സാഹചര്യത്തിൽ സംഭരണം നടക്കില്ലെന്ന് മാത്രമല്ല, കർഷകർക്ക് പ്രത്യേകിച്ച് ഒരു നേട്ടവുമില്ല.
23,000 രൂപ വിലയുള്ള ഉണ്ട കൊപ്രയുടെ സംഭരണ വില 12,100 രൂപയാണ്. താങ്ങുവില പദ്ധതിപ്രകാരം 2025-ല്‍ 30,000 ടണ്‍ കൊപ്രയും 3000 ടണ്‍ ഉണ്ടക്കൊപ്രയും സംഭരിക്കാൻ കേന്ദ്രം കേരളത്തിന് അനുമതിനല്‍കിയിരുന്നു. ഇതുപ്രകാരമാണ് സർക്കാർ സംസ്ഥാനതല സംഭരണ ഏജൻസികളായി വിഎഫ്പിസികെ, മാർക്കറ്റ്ഫെഡ്, സെൻട്രല്‍ വെയർഹൗസിങ് കോർപ്പറേഷൻ, ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്നിവയെ തീരുമാനിച്ചത്.
കൊപ്രയ്ക്കും പച്ചത്തേങ്ങയ്ക്കും കുത്തനെ വിലയിടിഞ്ഞ 2022, 2023, 2024 സീസണുകളില്‍പോലും സംഭരണത്തിന് ഇത്രയും ഏജൻസികളില്ലായിരുന്നു. സംഭരണം അന്ന് പരാജയപ്പെടുന്നതിലേക്ക് നയിച്ചതും ഇതുതന്നെ. സംഭരണത്തിന് പ്രസക്തിയില്ലാത്ത സമയത്താകട്ടെ ഇഷ്ടംപോലെ ഏജൻസികളും. ഇതിലെ വൈരുധ്യവും കർഷകർ ചൂണ്ടിക്കാട്ടുന്നു. കൊപ്രയ്ക്ക് 11,582 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 12,100 രൂപയും താങ്ങുവില നിശ്ചയിച്ച കഴിഞ്ഞ ഡിസംബറില്‍ത്തന്നെ ഇവയുടെ കമ്ബോളവില താങ്ങുവിലയെക്കാള്‍ മുകളിലെത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










