കൊച്ചി : 31 വർഷത്തെ താരസംഘടനയായ അമ്മയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നടി ശ്വേത മേനോൻ. ഇനി സംഘടനയെ ശ്വേത നയിക്കും. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. ഉണ്ണി ശിവപാൽ ട്രഷറർ ആകും. ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ.വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താര സംഘടനയായ അമ്മ സാക്ഷ്യം വഹിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങൾക്കും സംഘടനയിലെ പൊട്ടിത്തെറികൾക്കും അതിനു പിന്നാലെ പ്രസിഡന്റ് മോഹൻലാലിന്റെ രാജിക്കും ശേഷം വന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് 298 പേരാണ്. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ആകെ 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ട് അവകാശം ഉള്ളത്. അതെ സമയം താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് ശ്വേത മേനോൻ. `ജയിച്ചതിൽ ഒരുപാട് സന്തോഷം. ഒരിക്കലും ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. സ്ത്രീകൾ മത്സരിച്ച് ജയിച്ചിട്ടുണ്ട്. അമ്മ സംഘടനയിൽ നിന്നും ആരും പിണങ്ങി നിന്നിട്ടില്ല, സംഘടനയിൽ നിന്ന് പോയവർക്കെല്ലാം തിരിച്ചുവരാം. അവരെല്ലാവരും അമ്മ എന്ന കുടുംബത്തിന്റെ ഭാഗമാണ്. ‘- ശ്വേത മേനോൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










