കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് വനംവകുപ്പ് അധികാരം നല്‍കിയതിനുശേഷം ഇതുവരെയായി കൊന്നൊടുക്കിയത് 4734 കാട്ടുപന്നികളെ. 2022 മേയ് മുതല്‍ ഈ വര്‍ഷം ജൂലൈ 31 വരെയുള്ള കണക്കാണിത്.
2022 മേയിലാണ് തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് അധികാരം ലഭിച്ചത്. സംസ്ഥാനത്ത് വന്യജീവി ശല്യം ഏറ്റവും രൂക്ഷമായിരിക്കുന്നത് വയനാട് ജില്ലയിലാണെങ്കിലും ഇവിടെ 24 കാട്ടുപന്നികളെ മാത്രമേ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ കൊല്ലാന്‍ കഴിഞ്ഞിട്ടുള്ളു.
ഏറ്റവും കൂടുതല്‍ കാട്ടുപന്നികളെ കൊന്നൊടുക്കിയത് പാലക്കാട് ജില്ലയിലാണ്; 1457. മലപ്പുറം-826, തിരുവനന്തപുരം-796, കണ്ണൂര്‍-677, കോഴിക്കോട്-472, തൃശൂര്‍-130, പത്തനംതിട്ട-157, കൊല്ലം-120, ആലപ്പുഴ-41, കോട്ടയം-3, ഇടുക്കി-1, എറണാകുളം-6, കാസര്‍കോട്-24 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
ചെറുതും വലുതുമായ കാട്ടുപന്നികളെയാണ് ലൈസന്‍സുള്ള എംപാനല്‍ ഷൂട്ടര്‍മാര്‍ തോക്കിനിരയാക്കിയത്. 20 മുതല്‍ 50 കിലോവരെയുള്ള കാട്ടുപന്നികളായിരുന്നു ഏറെയും. ഇവയുടെ മാംസം ഉപയോഗിക്കാന്‍ കഴിയാത്തവിധത്തില്‍ ഇന്ധനം തളിച്ച് മണ്ണില്‍ സംസ്‌കരിക്കുകയായിരുന്നു.
ഒരു കാട്ടുപന്നിക്ക് ശരാശരി 30 കിലോ മാംസമുണ്ടെന്നു കണക്കാക്കി പൊതുവിപണിയിലെ നാട്ടുപന്നിയിറച്ചി വിലയുടെ അടിസ്ഥാനത്തില്‍ കണക്കുകൂട്ടുമ്ബോള്‍ ഏറ്റവും കുറഞ്ഞത് അഞ്ചുകോടിയിലധികം വില വരുന്ന മാംസമാണ് ആര്‍ക്കും ഉപകാരമില്ലാതെ കുഴിച്ചുമൂടിയത്. കാട്ടുപന്നി മാംസ വില്‍പ്പനയിലൂടെ സര്‍ക്കാരിനു വരുമാനം ലഭിക്കുന്ന വിധത്തില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല.
മുമ്ബ് വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ക്കു മാത്രമായിരുന്നു കാട്ടുപന്നികളെ കൊല്ലാന്‍ അനുമതി നല്‍കാന്‍ അനുവാദമുണ്ടായിരുന്നത്. വനംവകുപ്പില്‍ നിന്നു അനുമതി ലഭിക്കാന്‍ കാലതാമസം നേരിടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക് ഓണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എന്ന പദവി നല്‍കിയിട്ടുണ്ട്.
കാട്ടുപന്നിയെ വെടിവച്ചുകൊല്ലുന്ന ഷൂട്ടര്‍മാര്‍ക്കുള്ള പ്രതിഫലം അടുത്തിടെ 1500 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. കൊന്ന മൃഗങ്ങളെ സംസ്‌കരിക്കുന്നതിന് 2000 രൂപ ചെലവഴിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










