സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ പ്രധാന മരണകാരണങ്ങളിലൊന്നാണ് ഹൃദ്രോഗം. എന്നാൽ സ്ത്രീകളിൽ പലപ്പോഴും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നു. സ്ത്രീകളിൽ അനുഭവപ്പെടുന്ന ഹൃദ്രോഗലക്ഷണങ്ങൾ പുരുഷന്മാരുടേതിൽ നിന്ന് വ്യത്യസ്തമാണ്. അത് പലപ്പോഴും ഹൃദയാഘാതത്തിനു തൊട്ടുമുൻപാകും ശ്രദ്ധയിൽപ്പെടുന്നത് , ഹൃദ്രോഗത്തിന്റെ ആദ്യസൂചനകൾ തിരിച്ചറിഞ്ഞതിൽ സ്ത്രീകൾക്ക് വേണ്ട ചികിത്സ ലഭ്യമാക്കാനും ഗുരുതരാവസ്ഥ ഒഴിവാക്കാനും സാധിക്കും.
പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ തുടർച്ചയായി ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നുവെങ്കിൽ അത് ഹൃദ്രോഗത്തിന്റെ ആദ്യ സൂചനയാകാം. വീട്ടിലെ ദിവസവുമുള്ള ജോലികൾ ചെയ്താലുണ്ടാകുന്ന ക്ഷീണം പോലെയല്ല, ചെറിയ ജോലികൾ ചെയ്ത് വിശ്രമിച്ചാലും മാറാത്ത ക്ഷീണം തുടർച്ചയായി ഉണ്ടാകാം. ഇത്തരത്തില്‍ നീണ്ടു നിൽക്കുന്ന ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ അത് ഹൃദയത്തകരാർ മൂലമാകാം. ധാരാളം ഓക്സിജൻ അടങ്ങിയ രക്തം ശരീരത്തിന്റെ വിവിധഭാഗങ്ങളിലെത്തിക്കാൻ ഹൃദയത്തിന് കഴിയാതെ പോകുന്നു. ഇത് മൂലം പേശികൾക്കും അവയവങ്ങൾക്കും ക്ഷീണമാകുന്നു. വിട്ടുമാറാത്ത ക്ഷീണം ഉണ്ടായാൽ വൈദ്യസഹായം തേടണം.
നടത്തം, പടികൾ കയറുക, ചെറിയ വീട്ടു ജോലികൾ ചെയ്യുക ഇതെല്ലാം ചെയ്യുമ്പോൾ ശ്വസിക്കാൻ പ്രയാസം അനുഭവപ്പെടുകയാണെങ്കിൽ അത് ഹൃദ്രോഗലക്ഷണമാകാം. ചില സ്ത്രീകൾക്ക് വിശ്രമിക്കുമ്പോഴും കിടക്കുമ്പോഴും ശ്വാസതടസ്സം അനുഭവപ്പെടാം. ഹൃദയത്തിന് ശരിയായി രക്തം പമ്പു ചെയ്യാൻ സാധിക്കാതെ വരുമ്പോൾ ശ്വാസകോശത്തിൽ ഫ്ലൂയിഡ് അടിഞ്ഞു കൂടുന്നതു മൂലമാണ് ഇത് സംഭവിക്കുന്നത്.
സ്ത്രീകളിൽ നെഞ്ചിന് കുറച്ചു അസ്വസ്ഥത മാത്രമേ ഉണ്ടാവൂ. കടുത്ത വേദനയ്ക്കു പകരം സ്ത്രീകളിൽ നെഞ്ചിന് സമ്മർദവും മുറുക്കവും ആവും അനുഭവപ്പെടുക. സ്ത്രീകളിൽ നെഞ്ചിന് ഇടയ്ക്ക് അസ്വസ്ഥത ഉണ്ടാകുകയും അത് മാറുകയും ചെയ്യും. പുരുഷന്മാരിലെ ഹൃദയാഘാത ലക്ഷണത്തിന്റെ അത്ര കടുത്തതായിരിക്കില്ല സ്ത്രീകളിലെ ലക്ഷണങ്ങൾ. സ്ത്രീകളിൽ നെഞ്ചിന്റെ നടുഭാഗത്തും ഇടതു വശത്തും അസ്വസ്ഥതയും ഭാരവും അനുഭവപ്പെടും. വിശ്രമിക്കുമ്പോഴോ ശാരീരികപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ നെഞ്ചിനുണ്ടാകുന്ന അസ്വസ്ഥത ഹൃദയപ്രശ്നങ്ങളുടെ ആദ്യ ലക്ഷണമാകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










