ന്യൂഡല്‍ഹി: ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള സഞ്ജു സാംസണ്‍ – രവീന്ദ്ര ജഡേജ കൈമാറ്റ കരാര്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനും രാജസ്ഥാന്‍ റോയല്‍സിലെത്തും. ലേലത്തിനുമുന്‍പ് എല്ലാ ടീമുകളും തങ്ങളുടെ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചതിന് ശേഷം ഈ കരാര്‍ ഔദ്യോഗികമാക്കുമെന്നാണ് കരുതുന്നത്. എം.എസ്. ധോനിക്ക് ശേഷമുള്ള ഒരു കാലഘട്ടത്തിലേക്കുള്ള ഒരുക്കമായാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കുന്നത്.
സഞ്ജു സാംസണ്‍ 2021 മുതല്‍ രാജസ്ഥാനെ നയിക്കുന്നുണ്ട്. ആ വര്‍ഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ജഡേജയാവട്ടെ, 2012 മുതല്‍ സിഎസ്‌കെയുടെ കൂടെയുണ്ട്. ടീമിന്റെ മൂന്ന് കിരീടനേട്ടങ്ങളിൽ പങ്കാളിയുമാണ്. ജഡേജയും കറനും ചേരുന്നതോടെ രാജസ്ഥാന് കൂടുതല്‍ നേട്ടം ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍. ജഡേജയുടെയും സഞ്ജുവിന്റെയും പ്രതിഫലം തുല്യമാണെങ്കിലും, 2.4 കോടി രൂപയ്ക്കാണ് കറന്‍ റോയല്‍സിലെത്തുന്നത്. കഴിഞ്ഞതവണ 18 കോടി രൂപയ്ക്ക് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരമാണ് സഞ്ജു.സാം കറനെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളാണ് കൈമാറ്റക്കരാറില്‍ വിലങ്ങുതടിയായി നിന്നിരുന്നത്. ഇംഗ്ലീഷ് ഓള്‍റൗണ്ടറെ ഉള്‍ക്കൊള്ളാന്‍ റോയല്‍സിന് വിദേശ താരങ്ങള്‍ക്കുള്ള സ്ലോട്ടുകള്‍ ഇല്ലാതിരുന്നതിനാല്‍, കറന്റെ കരാര്‍ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഈ നീക്കത്തിന് ഇപ്പോള്‍ ബിസിസിഐ അനുമതി നല്‍കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










