ദുബായ്: അണ്ടര്‍ 19 ഏഷ്യാകപ്പില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. ടൂര്‍ണമെന്റില്‍ യുഎഇക്കെതിരായ ഉദ്ഘാടന മത്സരത്തിലാണ് താരം തകര്‍ത്തടിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ വൈഭവ് സെഞ്ചുറി നേടി. 56 പന്തില്‍ നിന്നാണ് സെഞ്ചുറിനേട്ടം. ഇരുപത് ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന നിലയിലാണ്. മത്സരത്തിന്റെ തുടക്കം തന്നെ ഇന്ത്യയ്ക്ക് നായകന്‍ ആയുഷ് മാത്രയെ നഷ്ടമായി. നാലു റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വൈഭവ് സൂര്യവംശിയും ആരോണ്‍ ജോര്‍ജും ഇന്ത്യയെ കരകയറ്റി. പതിയെ തുടങ്ങിയ വൈഭവ് പിന്നീട് കത്തിക്കയറി. അതോടെ ടീം സ്‌കോര്‍ കുതിച്ചു.
ഒമ്പതാം ഓവറിലാണ് ടീം അമ്പത് കടക്കുന്നത്. അതിന് ശേഷം വൈഭവ് യുഎഇ ബൗളര്‍മാരെ ആക്രമിച്ചുകളിച്ചു.11 ഓവര്‍ അവസാനിക്കുമ്പോള്‍ 24 പന്തില്‍ 35 റണ്‍സെന്ന നിലയിലായിരുന്നു വൈഭവ്. അടുത്ത രണ്ട് ഓവറുകളില്‍ അടിച്ചുകളിച്ച താരം 13-ാം ഓവറില്‍ അര്‍ധസെഞ്ചുറിതികച്ചു. 30 പന്തില്‍ നിന്നാണ് അര്‍ധസെഞ്ചുറി നേട്ടം. വൈഭവ് ട്രാക്ക് മാറ്റിയതോടെ സിക്‌സറുകള്‍ പറപറന്നു. 16-ാം ഓവറില്‍ മൂന്ന് സിക്‌സറുകളാണ് താരം നേടിയത്. പിന്നാലെ 56 പന്തില്‍ നിന്ന് സെഞ്ചുറി തികയ്ക്കുകയും ചെയ്തു. 48 റണ്‍സുമായി ആരോണ്‍ ജോര്‍ജും ക്രീസിലുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










