പാഴൂർ: തേനീച്ചയാക്രമണത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച് പാഴൂർ സ്വദേശി ഉനൈസ് കൂടാൻകുഴി മനുഷ്യത്വത്തിന്റെ ഉജ്ജ്വല മാതൃകയായി.
ഇന്നലെ ഉച്ച കഴിഞ്ഞ് 3 മണിക്ക് മുക്കത്ത് നിന്നും കാറുമായി കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്കു പോകുന്നതിനിടെയാണ് സംഭവം. ചാത്തമംഗലം ചെത്തുകടവ് ഭാഗത്ത് വെച്ച് ശരീരം മുഴുവൻ തേനീച്ചകൾ പൊതിഞ്ഞ നിലയിൽ ഒരു വിദ്യാർത്ഥി സഹായം തേടി റോഡിൽ കൈകാണിക്കുന്ന ദൃശ്യം ഉനൈസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ 300-ലധികം തേനീച്ചകൾ പറ്റിപ്പിടിച്ചിരുന്നതിനാൽ വഴിയേ പോയ ഒരു വാഹനവും അപകടസാഹചര്യമായതിനാൽ നിർത്താനോ സഹായിക്കാനോ തയ്യാറായിരുന്നില്ല.
അത്യന്തം അപകടകരമായ ഈ സാഹചര്യത്തിലും സ്വന്തം സുരക്ഷയെക്കുറിച്ച് ചിന്തിക്കാതെ ഉനൈസും കൂടെയുണ്ടായിരുന്ന സുഹൃത്ത് കട്ടാങ്ങൾ സ്വദേശി ഷിജു കല്ലിൻപുറത്തും ചേർന്ന് കുട്ടിയെ തന്റെ വാഹനത്തിൽ കയറ്റി ഉടൻ കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യാത്രയ്ക്കിടെ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടെങ്കിലും സമയബന്ധിതമായ ഇടപെടലിലൂടെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി.
ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റുന്നതിനിടെ നിരവധി തേനീച്ചകൾ പാറി ആശുപത്രി സ്റ്റാഫിലെ ചിലർക്കും കുത്തേറ്റതായി റിപ്പോർട്ടുണ്ട്. നിലവിൽ കുട്ടി ക്രിട്ടിക്കൽ ഐസിയുവിൽ ചികിത്സയിലാണ്. അപകടഘട്ടം മറികടന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
മനുഷ്യജീവന്റെ വില തിരിച്ചറിഞ്ഞ് ധീരമായ ഇടപെടൽ നടത്തിയ ഉനൈസിന് സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്നടക്കം വ്യാപകമായ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഈ രക്ഷാപ്രവർത്തനത്തിനിടെ ഉനൈസിനൊപ്പം സുഹൃത്ത് കട്ടാങ്ങൾ സ്വദേശിയായ കമ്പനി മുക്കിലുള്ള ഷിജുവേട്ടൻ (ഷിജു ഇ.പി) കൂടെയുണ്ടായിരുന്നുവെന്നും, കുട്ടിയെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ ഇരുവരും ചേർന്ന് ഇടപെട്ടുവെന്നും ഉനൈസ് അറിയിച്ചു. ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് എത്രയും വേഗം പൂർണ്ണ സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് നാടാകെ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










