ഭോപ്പാൽ∙ നിഷാത്പുരയിലെ ആളൊഴിഞ്ഞ വസ്തുവിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ല സ്വദേശിയായ അഷ്റഫി എന്ന സിയയാണ് (33) കൊല്ലപ്പെട്ടത്. കാമുകനായ സമീർ കുടുംബാംഗങ്ങളുടെ സഹായത്തോടെ സിയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കിൽ തള്ളി. 9ന് വൈകുന്നേരം സിയയും സമീറും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പ്രകോപിതനായ സമീർ സിയയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കാൻ സഹോദരന്റെയും അമ്മയുടെയും സഹോദരിയുടേയും സഹായം തേടി. മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിനടുത്തുള്ള സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു. വ്യാഴാഴ്ച വൈകുന്നേരം, സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ടാങ്കിൽ നിന്ന് ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ടാങ്കിനുള്ളിൽ ഒരു ഇരുമ്പ് പെട്ടി പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി പെട്ടി തുറന്നപ്പോഴാണ് സിയയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ദേഹത്തെ ടാറ്റൂ വഴിയാണ് മൃതദേഹം സിയയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
സമീർ ഒളിവിലാണ്. മൃതദേഹം മറവുചെയ്യാൻ സഹായിച്ചതിന് അമ്മയെയും സഹോദരനെയും സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സമീറിന്റെ ഭാര്യയും പൊലീസ് നിരീക്ഷണത്തിലാണ്. സിയ മുൻപ് മൂന്ന് വിവാഹങ്ങൾ കഴിച്ചിരുന്നതായി പൊലീസ് പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










