മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചട്ടങ്ങൾ പാലിക്കാതെ വർഷങ്ങളായി ഒളികാമറ സ്ഥാപിച്ചെന്ന ആരോപണം നേരിടുന്ന താൽക്കാലിക ജീവനക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതിയിലെ എൽ.ഡി.എഫ് അംഗങ്ങൾ ബോർഡ് യോഗത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
മറ്റ് ജീവനക്കാർ ഒളികാമറ കണ്ടെത്തി പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി നൽകിയതിനെ തുടർന്ന് ക്യാമറ അഴിച്ചുമാറ്റിയിരുന്നു. എന്നാൽ രണ്ട് വർഷത്തിലേറെയായി ആരുമറിയാതെ ക്യാമറ സ്ഥാപിച്ച ജീവനക്കാരനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും നിയമനടപടികൾ സ്വീകരിക്കുകയും വേണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം.
തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ ഭരണസമിതി അംഗങ്ങളായ കെ.പി. ചന്ദ്രൻ, എൻ. ഗിരീഷ്, ഉണ്ണിരാജൻ, ചന്ദ്രിക ടീച്ചർ, എ. പ്രേമലത, മിനി തുവ്വക്കാട് എന്നിവരും സി.പി.ഐ.(എം) നേതാക്കളായ പി. സുനിൽ, എം. ധർമ്മജൻ, ഇ.എൻ. പ്രേമനാഥ് എന്നിവരും സംസാരിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മാവൂർ പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ് ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









