പടിഞ്ഞാറൻ ജർമ്മനി – ബെൽജിയം എന്നിവിടങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 120 പേർ മരിച്ചു. ജർമ്മനിയിൽ 1,300 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി തുടരുന്നു. പടിഞ്ഞാറൻ, തെക്കൻ ജർമ്മനിയിലെ മുഴുവൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. കണക്കനുസരിച്ച് ബെൽജിയൻ മരണസംഖ്യ 23 ആയി ഉയർന്നു. അഞ്ച് പേരെ കാണാതായിട്ടുണ്ട്.
കെട്ടിടങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. മേഘസ്ഫോടനത്തിന് സമാനമായ രീതിയിലാണ് മഴ പെയ്തത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ജലം ഒരു സ്ഥലത്ത് തന്നെ പെയ്തത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. സമീപകാലത്തൊന്നും യൂറോപ്പ് ഇത്രയും രൂക്ഷമായ പ്രളയം നേരിട്ടിട്ടില്ല. യൂറോപ്യൻ കാലാവസ്ഥാ ഡാറ്റാബേസ് അനുസരിച്ച് റീഫർഷെയിഡിൽ ഒമ്പത് മണിക്കൂറിനുള്ളിൽ 207 മില്ലിമീറ്റർ (8.1 ഇഞ്ച്) മഴയാണ് പെയ്ത് പോയത്. ഇത് മേഘവിസ്ഫോടനത്തിന് സമാനമാണ്. ജർമ്മൻ സംസ്ഥാനങ്ങളായ റൈൻലാൻഡ് – പാലറ്റിനേറ്റ്, നോർത്ത് റൈൻ – വെസ്റ്റ്ഫാലിയ എന്നിവിടങ്ങളിലാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. നെതർലാൻഡിനെയും മഴ സാരമായി ബാധിച്ചു. ഇന്ന് നെതര്‍ലാന്‍ഡിന്‍റില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ അറിയിച്ചു. കനത്ത മഴയ്ക്കും നാശനഷ്ടത്തിനും കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വടക്കൻ റൈൻ-വെസ്റ്റ്ഫാലിയയുടെ പ്രധാനമന്ത്രി അർമിൻ ലാസെറ്റ് പറഞ്ഞു.
ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കലും യുഎസ് പ്രസിഡന്റ് ജോ ബിഡനും ദുഖം രേഖപ്പെടുത്തി. പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കായി യുഎസിലുള്ള ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ വെള്ളപ്പൊക്കത്തെ ഒരു മഹാദുരന്തം എന്നാണ് വിശേഷിപ്പിച്ചത്. ഗവൺമെന്‍റിന്‍റെ എല്ലാ സംവിധാനങ്ങളും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും മുന്നില്‍ തന്നെ ഉണ്ടാകുമെന്നും ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ ഒരുമിച്ച് കാര്യങ്ങളെ നേരിടാമെന്നും ആഞ്ചെല മെർക്കൽ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് ജർമ്മൻ സൈന്യം 900 സൈനികരെ വിന്യസിച്ചിട്ടുണ്ട്. ജർമ്മനിയിൽ, പൊലീസ് ഹെലികോപ്റ്ററുകള്‍ , നൂറുകണക്കിന് സൈനികര്‍ എന്നിവര്‍ ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിലാണ്. പ്രളയത്താല്‍ മുങ്ങിപ്പോയ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വീടുകളുടെ മേല്‍ക്കൂരകളില്‍ ആളുകള്‍ രക്ഷപ്പെട്ട് അഭയം തേടിയിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താന്‍ പൊലീസ് ഹെലിക്കോപ്റ്ററുകള്‍ രംഗത്തുണ്ട്.
കൊവിഡാനന്തരം തുറഞ്ഞ ജർമ്മനിയുടെ പടിഞ്ഞാറ് ഭാഗത്തെ സ്കൂളുകളെല്ലാം അടച്ചു. ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങള്‍ നഷ്ടമായി. കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പർവതനിര പ്രദേശമായി ഈഫൽ മേഖലയിലെ 25 ഓളം വീടുകൾ ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചില വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയെന്നും ശക്തമായ പ്രളയജലം ഒഴുകുന്നതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് പോകാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വീടുകളും നിരവധി വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു.
നഗരത്തിലൂടെ ഒഴുകുന്ന മ്യൂസ് നദി നിറഞ്ഞൊഴുകുകയാണ്. എന്നാല്‍ കൂടുതല്‍ പ്രളയജലം എത്തിയാല്‍ നദി 1.5 മീറ്റർ കൂടി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നെതർലാന്‍റിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മ്യൂസ് നദിക്കരയിലുള്ള നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ളവരോട് വീടുകള്‍ ഒഴിയാന്‍ ആവശ്യപ്പട്ടിട്ടുണ്ട്. ഡച്ച് നഗരമായ മാസ്ട്രിച്റ്റിൽ 10,000 പേരെ ഒഴിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









