കോഴിക്കോട്: പന്നിക്കൂട്ടം കാർഷിക വിളകൾ നശിപ്പിക്കുക മാത്രമല്ല ജീവന് ഭീഷണിയുമാണ്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ പുലോട്ട് ബാർബർ തൊഴിലാളിയായ ജാഫറിന്റെ വീട്ടിൽ വീടിനുള്ളിലും കാട്ടുപന്നികളുടെ പരാക്രമം. വാതില്‍ തുറന്നിട്ട അവസരത്തില്‍ കാട്ടുപന്നികൾ വീട്ടിൽ കയറി സോഫയും കിടക്കയും കീറി. വീട്ടിലെ മൂന്ന് കുട്ടികൾ മുകളിലേക്ക് കയറിയതുകൊണ്ടും അയൽവാസി സമയോചിതമായി ഇടപെട്ടതുമായതിനാൽ മാത്രമാണ് വീട്ടിലെ കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം.പ്രദേശത്ത് കാട്ടുപന്നിയുടെ ഭീഷണി വ്യാപിക്കുന്നതായി പരാതിയുമുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് നാശനഷ്ടം വിലയിരുത്തി. പൂലോട്, ചോയിയോട് ഭാഗങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായത് കാരണം പ്രദേശവാസികള്‍ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പൊട്ടികൈ ഭാഗത്ത് അബ്ദുള്‍ മജീദിന്റെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന രണ്ട് കാട്ടുപന്നികളെയും അടിവാരം ഭാഗത്ത് കെ.സി. മുഹമ്മദ് എന്ന കൃഷിക്കാരന്റെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന ഒരു കാട്ടുപന്നിയെയും വെടിവെച്ച് കൊന്നിരുന്നു. വനംവകുപ്പിന്റെ എം പാനൽ ലിസ്റ്റിലുള്ള മൈക്കാവ് കുന്നുംപുറത്ത് തങ്കച്ചന് ചൊവ്വാഴ്ച പുലർച്ചെ രണ്ടിനും നാലിനും ഇടയിൽ പന്നികളെ വെടിവച്ച് കൊന്നത്.
താമരശ്ശേരി പരിധിയില്‍ ഇതിനകം കൃഷി നശിപ്പിക്കാനെത്തുന്ന നൂറ് കാട്ടുപന്നികളെ വെടിവച്ച് കൊന്നിട്ടുണ്ട്. എന്നാൽ, കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ കാര്യമായ കാട്ടുപന്നികളുടെ ഭീഷണി ഒഴിവാക്കാൻ സാധിച്ചിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.