സൗദി അറേബ്യയിൽ ഡിജിറ്റൽ വാലറ്റിലൂടെ തൊലാളികൾക്ക് ശമ്പളം നൽകാനുള്ള തീരുമാനത്തിൻ്റെ ആദ്യഘട്ടം നടപ്പാക്കി. ആകെ അഞ്ച് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ശമ്പള പരിഷ്കരണത്തിൻ്റെ ആദ്യഘട്ടം തിങ്കളാഴ്ച (ജൂലൈ 1) മുതൽ നിലവിൽ വന്നു. ഗാർഹിക തൊഴിലാളി സേവന പ്ലാറ്റ്ഫോം (മുസാനിദ്) ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാരൻ്റെയും തൊഴിലുടമയുടെയും കരാർ അവകാശങ്ങൾ സംരക്ഷിക്കുക, പണമടയ്ക്കൽ പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കുക, ഗുണഭോക്താക്കൾക്ക് സൗകര്യമൊരുക്കുക എന്നിവയാണ് പരിഷ്കരണം ലക്ഷ്യമിടുന്നത്.
അതോടൊപ്പം കടലാസ് പണമിടപാടുകൾ കുറയ്ക്കുക, വീട്ടുജോലിക്കാരുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയും ലക്ഷ്യങ്ങളാണ്. ഈ മാസം മുതൽ സൗദിയിലേക്ക് വരുന്ന പുതിയ ഗാർഹിക തൊഴിലാളികൾക്കാണ് ഈ നിയമം ബാധകമാകുക. അഞ്ച് ഘട്ടങ്ങളായാണ് പരിഷ്കാരം പ്രബല്യത്തിൽ വരുക. അടുത്ത വർഷം ജനുവരി മുതലുള്ള രണ്ടാംഘട്ടത്തിൽ നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്കും ജൂലൈയിൽ മൂന്നാം ഘട്ടത്തിൽ മൂന്നോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്കും ഒക്ടോബറിൽ നാലാം ഘട്ടത്തിൽ രണ്ടോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്കും 2026 ജനുവരിയിലെ അവസാന ഘട്ടത്തിൽ മുഴുവൻ വീട്ടുജോലിക്കാർക്കും ഈ നിയമം ബാധകമാവും.
തൊഴിലുടമ കരാർപ്രകാരമുള്ള ശമ്പളമാണ് വാലറ്റ് വഴി നൽകേണ്ടതെന്ന് മുസാനിദ് വ്യക്തമാക്കി. എല്ലാ ഹിജ്റ മാസവും അവസാന തീയതിയിലാണ് ശമ്പളം നൽകണ്ടേത്. തൊഴിലാളി ശമ്പളം പണമായി പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അംഗീകൃത മാർഗങ്ങളിലൂടെ കൈമാറ്റം നടത്താമെന്നും പണം പിൻവലിക്കുന്നതിന് തൊഴിലാളിക്ക് ‘മദാ’ കാർഡ് നൽകാമെന്നും മുസാനിദ് വിശദീകരിച്ചു. തൊഴിലാളി / ഗാർഹിക തൊഴിലാളി വേതന സംരക്ഷണ നിർബന്ധിത വിഭാഗത്തിൽ പെട്ടവരാണെങ്കിൽ അംഗീകൃത ചാനലുകൾ വഴി സേവനത്തിലൂടെ ശമ്പളം കൈമാറേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










