കോഴിക്കോട്: മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു. വീട്ടിൽ ഒൻപതര വരെ പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. വീട്ടിൽ പൊലീസിന്റെ ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബർ സ്ഥാനിൽ ഖബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.
അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്ന് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്. രാത്രി വൈകിയും നിരവധി ആളുകൾ പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലികളർപ്പിക്കാൻ ടൌൺഹാളിലേക്ക് ഒഴുകിയെത്തി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









