അധ്യാപകരാകാൻ താല്‍പര്യമുള്ള പ്ലസ് ടുക്കാർക്ക് നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമിലേക്കുള്ള ദേശീയ പൊതു പ്രവേശന പരീക്ഷയില്‍ (എൻ.സി.ഇ.ടി-2024) പങ്കെടുക്കാം. നാഷനല്‍ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 12 ബുധനാഴ്ചയാണ് പരീക്ഷ.
കേരളത്തില്‍ എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ലക്ഷദ്വീപില്‍ കവരത്തി പരീക്ഷാകേന്ദ്രങ്ങളാണ്. ഇന്ത്യയിലെ 178 നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും www.nta.ac.in, https://ncet.samarth.ac.in എന്നീ സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
എൻ.സി.ഇ.ടി കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷയില്‍ നാല് സെക്ഷനുകളാണുള്ളത്. സെക്ഷൻ ഒന്നില്‍ 38 വ്യത്യസ്ത ഭാഷാ വിഷയങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണം തെരഞ്ഞെടുക്കാം. ഓരോ ഭാഷാ പേപ്പറിലും 23 ചോദ്യങ്ങളില്‍ 20 എണ്ണത്തിന് ഉത്തരം കണ്ടെത്തിയാല്‍ മതി. സെക്ഷൻ രണ്ടില്‍ ഉള്‍പ്പെടുത്തിയ 26 ഡൊമെയിൻ പ്രത്യേക വിഷയങ്ങളില്‍ ഏതെങ്കിലും മൂന്നെണ്ണം തെരഞ്ഞെടുക്കാം. ഇതില്‍ 28 ചോദ്യങ്ങളില്‍ 25 എണ്ണത്തിന് ഉത്തരം നല്‍കിയാല്‍ മതി. സെക്ഷൻ മൂന്ന് ജനറല്‍ ടെസ്റ്റില്‍ 28ല്‍ 25 ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണം. സെക്ഷൻ നാല് ടീച്ചിങ് ആപ്റ്റിട്യൂഡില്‍ 23ല്‍ 20 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങള്‍. മലയാളം, തമിഴ്, കന്നട, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകളില്‍ ചോദ്യപേപ്പറുകളുണ്ടാവും. ഡൊമെയിൻ ഭാഷാ വിഷയങ്ങളും പരീക്ഷാ ഘടനയും ഡിബേസും ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. രാവിലെ 9-12 മണിവരെയും ഉച്ചക്കുശേഷം 3-6 മണിവരെയും രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തുക.
പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. മാർക്ക് നിബന്ധനകളോ പ്രായപരിധിയോ ഏർപ്പെടുത്തിയിട്ടില്ല. അപേക്ഷാ ഫീസ്: ജനറല്‍- 1200 രൂപ, ഒ.ബി.സി നോണ്‍ ക്രീമിലെയർ/ഇ.ഡബ്ല്യൂ.എസ്- 1000 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി/തേർഡ് ജൻഡർ -650 രൂപ. ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. https://ncet.samarth.ac.inല്‍ ഓണ്‍ലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭിക്കും. തെറ്റ് തിരുത്തുന്നതിന് മേയ് രണ്ടുമുതല്‍ നാലുവരെ സൗകര്യം ലഭിക്കും.
എൻ.സി.ഇ.ടി-2024 മെരിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിക്കുന്നവർക്ക് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര/സംസ്ഥാന സർവകലാശാലകളിലും റീജനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ (ആർ.ഐ.ഇ) എൻ.ഐ.ടികള്‍, ഐ.ഐ.ടികള്‍ എന്നിവിടങ്ങളിലും നാലുവർഷത്തെ ബി.എസ് സി ബി.എഡ്, ബി.എ.ബി.എഡ്, ബി.കോം ബി.എഡ് റഗുലർ കോഴ്സുകളില്‍ പ്രവേശനം തേടാം. കേരളത്തില്‍ എൻഐ.ടി കാലിക്കറ്റ് (ബി.എസ്.സി ബി.എഡ്-50 സീറ്റ്), കാസർകോട്ടെ കേന്ദ്ര സർവകലാശാല (ബി.എസ്.സി ബി.എഡ് (ഫിസിക്സ്), ബി.എസ്.സി ബി.എഡ് (സുവോളജി), ബി.എ ബി.എഡ് (ഇംഗ്ലീഷ്), ബി.എ ബി.എഡ് (ഇക്കണോമിക്സ്), ബി.കോം ബി.എഡ്. ബി.കോം ബി.എഡിന് 50ഉം മറ്റുള്ളവക്ക് 25 വീതവും സീറ്റ്), കേന്ദ്ര സംസ്കൃത സർവകലാശാല ഗുരുവായൂർ കാമ്ബസ് (ബി.എ ബി.എഡ് -100 സീറ്റുകള്‍) എന്നിവിടങ്ങളില്‍ പ്രവേശനമുണ്ട്. 64 സ്ഥാപനങ്ങളില്‍ 6100 സീറ്റുകളാണുള്ളത്. കോഴ്സുകളും പ്രവേശന നടപടികളും ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
എന്‍.ടി.എ ഹെല്‍പ് ഡെസ്‌ക്: 01140759000, 01169227700. ഇ-മെയില്‍: ncet@nta.ac.in.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









