ആഹ്ലാദം അണപൊട്ടിയൊഴുകിയ നിമിഷങ്ങള്‍. ഒരു രാജ്യം ഒന്നാകെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലേക്ക് ഒഴുകുകയായിരുന്നു. നിലയ്ക്കാത്ത ആഘോഷം. എങ്ങനെ സന്തോഷം പ്രകടിപ്പിക്കണമെന്ന കണ്‍ഫ്യൂഷനിലായിരുന്നു പലരും. ചിലര്‍ പോസ്റ്റില്‍ വലിഞ്ഞുകയറി. ചിലര്‍ തുള്ളിച്ചാടി. ചില നൃത്തംവച്ചു. സന്തോഷത്താല്‍ ചിലര്‍ പൊട്ടിക്കരഞ്ഞു. പാടാനറിയാത്തവരും പാടിത്തകർത്തു. മെസ്സിയും സംഘവും കപ്പുമായി പുലര്‍ച്ചെ രണ്ടരയോടെ വിമാനമിറങ്ങുന്നു. കരഘോഷത്തോടെ താരങ്ങളെ രാജ്യം വരവേറ്റു. പിന്നീട് നടന്നത് ഒരു പക്ഷേ ലോകത്തെ ഏറ്റവും വലിയ മഹാസമ്മേളനമായിരുന്നു.അവിസ്മരണീയ കാഴ്ച. ഒരു രാജ്യത്തിന്റെ അഭിമാനവും ഐക്യവും, കപ്പുമായി താരങ്ങളുടെ തുറന്ന ബസ്സിലുള്ള നഗരപ്രദക്ഷിണം ഒരു നിമിഷം കാണാന്‍. നിലയ്ക്കാത്ത ജനപ്രവാഹം. തുടക്കം മെല്ലയായിരുന്നു. വൈകാതെ ജനസമുദ്രമായി വാഹനത്തിന് ഒരിഞ്ച് നീങ്ങാനാവാത്ത സ്ഥിതി. ഇതിനിടെ സന്തോഷം അതിരുവിട്ടപ്പോള്‍ പാലത്തില്‍ നിന്ന് രണ്ട് പേര്‍ താരങ്ങളുടെ ബസ്സിലേക്ക് ചാടി. ഒരാള്‍ താരങ്ങള്‍ക്കിടയില്‍ വന്നുവീണു. ഒരാള്‍ ബസ്സിന് മുകളിലേക്ക് ചാടി ലക്ഷ്യം തെറ്റി താഴേക്ക്. വീണത് ജനങ്ങള്‍ക്ക് മുകളിലേക്ക്. മുന്നോട്ട് നീങ്ങാനാവാതെ പ്രദക്ഷിണം നിലച്ചു. പിന്നെയും കിലോ മീറ്ററോളം ആളുകള്‍ കാത്തുനില്‍ക്കുന്നു. ഗത്യതന്തരമില്ലാതെ ബസ്സിലെ യാത്ര ഉപേക്ഷിച്ചു.ഒടുവിൽ അവരുടെ സുരക്ഷ കൂടി കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടറിന്റെ സഹായം തേടി. തുടര്‍ന്നുള്ള നഗരപ്രദക്ഷിണം ഹെലികോപ്ടറിലാക്കി. കപ്പുമായി താരങ്ങള്‍ ഹെലികോപ്ടറിലിരുന്ന് പിന്തുണക്ക് നന്ദി പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും മികച്ച നിമിഷങ്ങള്‍ കണ്ട സന്തോഷത്തിലായിരുന്നു പലരും.ജനങ്ങള്‍ പരസ്പരം ചുംബിച്ചും ആലിംഗനം ചെയ്തും സന്തോഷം പങ്കുവച്ചു. മെസ്സിയുടേയും മറഡോണയുടേയും ചിത്രങ്ങളുമായാണ് പലരും കിരീടജേതാക്കളെ കാണാനായി എത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









