ദുബായ്: ഐ.പി.എല്‍ കിരീടത്തില്‍ അഞ്ചാം തവണയും മുംബയ് ഇന്ത്യന്‍സ് മുത്തമിട്ടു. നിലവിലെ ചാമ്ബ്യന്മാര്കൂടിയായ മുംബയ് ഇന്നലെ നടന്ന ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 5 വിക്കറ്റിന് കീഴടക്കിയാണ് അഞ്ചാം തവണയും കിരീടാവകാശികളായത്. അഞ്ച് തവണ ഐ.പി.എല്‍ ചാമ്ബ്യന്മാരാകുന്ന ആദ്യ ടീമാണ് മുംബയ്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ മുംബയ് നായകന് രോഹിത് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ച്വറിയുടേയും (51 പന്തില്‍ 68), ഇഷാന് കിഷന്റെ (പുറത്താകാതെ 19 പന്തില്‍ 33) തകര്‍പ്പന്‍ ബാറ്റിംഗിന്റേയും പിന്‍ബലത്തിലാണ് അനായാസം വിജയ തീരത്തെത്തിയത് (157/5).
രോഹിതിന്റെ ഇന്നിംഗ്സില്‍ 5 ഫോറും 4 സിക്സും ഉള്‍പ്പെടുന്നു. ഇഷാന് 3 ഫോറും 1 സിക്സും നേടി. ഡല്‍ഹിക്കായി നോര്‍ട്ട്ജെ 2 വിക്കറ്റ് വീഴ്ത്തി. രോഹിതും ഡികോക്കും (20) ചേര്‍ന്ന് മികച്ച തുടക്കാമാണ് മുംബയ്ക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 4.1ഓവറില്‍ 45 റണ്‍സ് അടിച്ചെടുത്തു. ഡി കോക്കിനെ പന്തിന്റെ കൈയില്‍ ഒതുക്കി സ്റ്റോയിനിസാണ് പാര്‍ട്ണര്‍ഷിപ്പ് പൊളിച്ചത്. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് (20 പന്തില്‍19) നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായി. ഐ.പി.എല്‍ ഫൈനലിലെ രണ്ടാം സെഞ്ച്വറിയുമായി നിര്‍ണായക ഘട്ടത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച ഇന്നിംഗ്സ് കളിച്ച രോഹിത് നോട്ജെയുടെ പന്തില്‍ സബ്സ്റ്റിറ്ര്യൂട്ട് ലളിത് യാദവ് പിടിച്ചാണ് പുറത്തായത്. പൊള്ളാര്‍ഡിനെ (9) റബാഡയും ഹാര്‍ദ്ദിക്കിനെ (3) നോര്‍ട്ട്ജെയും പുറത്താക്കി. ക്രുനാല്‍ (1) ഇഷാനൊപ്പം പുറത്താകാതെ നിന്നു.
നേരത്തേ കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഡല്‍ഹി തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ക്യാപ്ടന് ശ്രേയസ് അയ്യരുടേയും (പുറത്താകാതെ 50 പന്തില്‍ 65), റിഷഭ് പന്തിന്റേയും (38 പന്തില്‍ 56) രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്നാണ് ഭേദപ്പെട്ട ടോട്ടലില്‍ എത്തിയത്. ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അവരെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണറായെത്തിയ സ്റ്റോയിനിസിനെ മടക്കി ട്രെന്‍ഡ് ബൗള്‍ട്ട് മുംബയ്ക്ക് മേല്‍ക്കൈ നല്‍കുകയായിരുന്നു. ഡി കോക്കിന് ക്യാച്ച് നല്‍കിയായിരുന്നു സ്റ്റോയിനിസിന്റെ മടക്കം.
പകരമെത്തിയ അജിങ്ക്യ രഹാനെയ്ക്കും (2) പിടിച്ചു നില്ക്കാനായില്ല. ബൗള്‍ട്ടിന്റെ അടുത്ത ഓവറില്‍ ഡി കോക്കിന് തന്നെ ക്യാച്ച് നല്കി രഹാനെയും മടങ്ങി. മറുവശത്ത് വിക്കറ്റ് വീഴുമ്ബോഴും സ്ട്രോക്ക് പ്ലേയുമായി നന്നായി ബാറ്റ് ചെയ്യുകയായിരുന്ന ശിഖര്‍ ധവാന് രോഹിതിന്റെ തന്ത്രപരമായ ബൗളിംഗ് ചേയ്ഞ്ചില് ജയന്ത് യാദവിന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായതോടെ ഡല്‍ഹി പരുങ്ങലിലാവുകയായിരുന്നു. 13 പന്തില്‍ 3 ഫോറുള്‍പ്പെടെ 15 റണ്‍സാണ് ധവാന് നേടിയത്.
3/22 എന്ന നിലയില്‍ വന്‍ പ്രതിസന്ധി മുന്നില്‍ക്കണ്ട ഈ ഘട്ടത്തിലാണ് ശ്രേയസും പന്തും ക്രീസില്‍ ഒന്നിക്കുന്നത്. ഡല്‍ഹി ബൗളിംഗിനെ പതറാതെ നേരിട്ട ഇരുവരും റണ്‍റേറ്റ് താഴ്ത്താതെ ടീം സ്കോര്‍ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും കൂട്ടിച്ചേര്‍ത്ത 96 റണ്‍സാണ് ഡല്‍ഹി ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 13-ാം ഓവറില്‍ ഈ കൂട്ടുകെട്ട് മുംബയ്യെ 100 കടത്തി.
സീസണിലെ ആദ്യ അര്‍ദ്ധ സെഞ്ച്വറി നേടി അധികം വൈകാതെ പന്തിനെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കൈയില്‍ എത്തിച്ച് നാഥാന് കോള്‍ട്ടര്‍ നില്ലാണ് കൂട്ടുകെട്ട് പൊളിച്ചത്.4 ഫോറും 2 സിക്സും ഉള്‍പ്പെട്ടതാണ് പന്തിന്റെ ഇന്നിംഗ്സ്. തുടര്‍ന്നെത്തിയ ഹെറ്റ്മേയര്‍ (5), അക്സര്‍ പട്ടേല്‍ (9), കഗിസോ റബാഡ (0) എന്നിവര്‍ക്ക് ഇംപാക്ട് ഉണ്ടാക്കാനായില്ല. അയ്യര്‍ 6 ഫോറും 2 സിക്സും നേടി. മുംബയ്ക്കായി ബൗള്‍ട്ട് മൂന്നും കോള്‍ട്ടര്‍ നില് രണ്ട് വിക്കറ്റും വീഴ്ത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









