തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ താത്കാലികമായി പിൻവലിച്ചു. ഒമിക്രോണും പുതുവത്സരാഘോഷവും കണക്കിലെടുത്താണ് നാല് ദിവസത്തേക്ക് രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. ഈ നിയന്ത്രണം തൽക്കാലം തുടരേണ്ടതില്ലെന്നാണ് തീരുമാനം. ബാക്കിയുള്ള നിയന്ത്രണങ്ങൾ ഈ ആഴ്ചത്തെ അവലോകന യോഗത്തിൽ തീരുമാനിക്കും.
സംസ്ഥാനത്ത് ഇന്നലെ 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂർ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരും 32 പേർ അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. സമ്പർക്കത്തിലൂടെ 4 പേർക്ക് ഒമിക്രോണിന് രോഗം ബാധിച്ചു. ആലപ്പുഴയിൽ 3 പേർക്കും തൃശ്ശൂരിൽ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.
എറണാകുളത്ത് യുഎഇയിൽ നിന്ന് 8 പേരും ഖത്തറിൽ നിന്ന് 3 പേരും യുകെയിൽ നിന്ന് 2 പേരും ഫ്രാൻസ്, ഫിലിപ്പീൻസ്, തുർക്കി എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവും വന്നതാണ്. തിരുവനന്തപുരത്ത് 9 പേർ യുഎഇയിൽ നിന്നുള്ളവരാണ്. തൃശ്ശൂരിൽ 3 പേർ യുഎഇയിൽ നിന്നും ഒരാൾ സ്വീഡനിൽ നിന്നും വന്നവരാണ്. പത്തനംതിട്ടയിൽ യുഎഇയിൽ നിന്ന് രണ്ടുപേരും കസാക്കിസ്ഥാൻ, അയർലൻഡ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും എത്തി. കോഴിക്കോട് ഒരാള്‍ വീതം, യുകെ, ഉഗാണ്ട, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്നും, മലപ്പുറത്ത് രണ്ട് പേര് യുഎഇയില്‍ നിന്നും, വയനാട് ഒരാള്‍ യുഎഇയില്‍ നിന്നും വന്നതാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 152 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മൊത്തം 50 പേർ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നും 84 പേർ കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നും വന്നവരാണ്. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.