ഒമിക്രോൺ വ്യാപന തീവ്രത വർധിച്ചാൽ രാജ്യത്ത് ഫെബ്രുവരിയോടെ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന സൂചന നൽകി വിദഗ്ധർ.അതേസമയം വാക്‌സിനേഷനിലൂടെ നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ 54 കോടിയിലേറെ പേർ രണ്ട് ഡോസ് വാക്‌സിനും 82 കോടിയിലധികം പേർ ഒരു ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു.
അതേസമയം രാജ്യത്ത് ഒമിക്രോൺ ബാധ വർധിക്കുകയാണ്. രാജ്യത്താകെ 140ലേറെ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 24 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി ഇന്നലെ 21 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ച എട്ട് കേസുകളും മുംബൈയിലാണ്. സംസ്ഥാനത്താകെ 48 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. തെലങ്കാനയിൽ 13 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്നലെ നാല് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 11 ആയി. തിരുവനന്തപുരത്ത് എത്തിയ രണ്ട് പേർക്കും മലപ്പുറത്തും, തൃശ്ശൂരുമാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









