കോഴിക്കോട്: മെഡിക്കല്‍ കോളജ് ജംഗ്ഷനിലെ വാട്ടർ അഥോറിറ്റിയുടെ ടാങ്കില്‍ നിന്ന് ദേവഗിരി ഭാഗത്തേക്ക് നിലവിലുള്ള പൈപ്പ്‌ലൈനുകള്‍ മാറ്റി കേന്ദ്രസർക്കാർ പദ്ധതിയായ അമൃത് സ്കീമില്‍ പുതിയ പൈപ്പ്‌ലൈൻ സ്ഥാപിച്ചതിനെതിരേ പ്രതിഷേധവും പരാതിയും ഉയരുന്നു.
അശാസ്ത്രീയമായ രീതിയില്‍ പൈപ്പ്‌ലൈൻ ഇട്ടതിനാല്‍ ഇപ്പോള്‍ മിക്കവാറും വീടുകളില്‍ വെള്ളം എത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പദ്ധതി നടപ്പാക്കുന്നതിന് മുന്പ് വെള്ളം സുലഭമായി ലഭിച്ചിരുന്നു.
പൈപ്പ്‌ലൈൻ പണി നടക്കുന്നതിനാല്‍ രണ്ടാഴ്ചയായി ഈ ഭാഗങ്ങളില്‍ ജലവിതരണം മുടങ്ങിക്കിടക്കുകയാണ്. വാട്ടർ അഥോറിറ്റി അധികൃതർ ജലവിതരണം പൂർവസ്ഥിതിയിലാക്കുവാൻ ഉടൻ നടപടികള്‍ സ്വീകരിക്കണമെന്ന് ജലവിതരണ വകുപ്പ് മന്ത്രിയോടും വാട്ടർ അഥോറിറ്റിയോടും ദേവഗിരി റെസിഡന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ചേർന്ന യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് കോർപറേഷന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കോളജ് റോഡ് അശാസ്ത്രീയമായ രീതിയില്‍ വെട്ടിപ്പൊളിച്ച് പൈപ്പ്‌ലൈൻ സ്ഥാപിച്ചതെന്ന് യോഗം ആരോപിച്ചു.
കോളജ് റോഡ് എത്രയും വേഗം പൂർവസ്ഥിതിയിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേവഗിരി കോളജ്, സാവിയോ ഹയർ സെക്കൻഡറി, ഹൈസ്കൂള്‍, യുപി സ്കൂള്‍, എല്‍പി സ്കൂള്‍, ആശാകിരണ്‍, പബ്ലിക് സ്കൂള്‍, ഏഴ് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ പതിനായിരത്തോളം കുട്ടികളും അഞ്ഞൂറിലധികം വരുന്ന ദേവഗിരി നിവാസികളും ഉപയോഗിക്കുന്ന റോഡും കുടിവെള്ള വിതരണവുമാണ് പുതിയ പൈപ്പിടല്‍ വഴി താറുമാറായിരിക്കുന്നത്. പദ്ധതി നടത്തിപ്പില്‍ വ്യാപകമായ ക്രമക്കോട് നടക്കുന്നതായും ആക്ഷേപമുണ്ട്.
വിജിലൻസില്‍ പരാതി നല്‍കാൻ ഒരുങ്ങുകയാണ് റസിഡന്‍റ്സ് അസോസിയേഷൻ.യോഗത്തില്‍ റസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് പ്രഫ.ജോബ് കാട്ടൂർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി മാത്യൂ ചുങ്കപ്പുര, ഭാരവാഹികളായ പ്രഫ. ചാർലി കട്ടക്കയം, ഡോ. ഐസക് പാറക്കുളങ്ങര, പോള്‍ തോയാലില്‍, ടോമി അയിരൂർക്കാരൻ, ബോസ് ജേക്കബ് എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







