ബെംഗളൂരു:ജനതാദൾ എസ് സ്ഥനാർത്ഥികളുടെ വിജയത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുവാൻ ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. ബെംഗളൂരു ജെ.പി ഭവനിൽ ചേർന്ന യോഗത്തിൽ സോഷ്യലിസ്റ്റ് കൗൺസിൽ പ്രസിഡന്റ് ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.ഹരീന്ദർ ടി,ധനജ്ഞജയ്. കെ, സയ്യിദ് സഫീഉല്ലാഹ്, ഡോ. ലക്ഷ്മി പതി, അഡ്വ. ലീലവതി. കെ. മൊയിൻ അലി, പ്രവീൺ മോഹിത്, ഡോ. രുതി മനോരം, സുരേഷ് ഗൗഡ, ഡോ. സി. കെ ഷമീം, വൈ.തിമ്മയ ,നാഥേഷ്. ടി തുടങ്ങിയവർ സംസാരിച്ചു.
രാജ്യത്തെ സോഷ്യലിസ്റ്റ് പുനരേകീകരണം ലക്ഷ്യം വെച്ച് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മൂവ്മെന്റാണ് ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ(ഐ. എസ്. സി). സോഷ്യലിസ്റ്റ് കക്ഷികളുടെ ഏകീകരണം കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ്. രാജ്യത്തെ വിവിധയിടങ്ങളിൽ വിവിധ കക്ഷികളായിരിക്കുന്ന ജനതാ പരിവാറുകൾ യോജിച്ച് ഒരു കുടക്കീഴിൽ ഒരു പതാക പിടിച്ചുകൊണ്ട് പ്രവർത്തിക്കുക എന്നതാണ് രാജ്യത്തെ നിലവിലെ സോഷ്യലിസ്റ്റ് പ്രവർത്തകരുടെ പൊതുവികാരം.
ഇന്ത്യയിലെ ഈ ഐക്യ വികാരത്തെ ഏകീകരിക്കാനും ഹൃദയപൂർവ്വം പരസ്പരം സ്വാഗതം ചെയ്യുവാനും വേണ്ടി വേദികളും സാധ്യതകളും ക്രമീകരിക്കുക എന്ന ദൗത്യമാണ് ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ നിർവഹിച്ചു വരുന്നത്.രൂപീകരണകാലം മുതൽ തുടർന്നുവരുന്ന പിളർപ്പ്, ലയനം എന്നീ വ്യാധികളാണ് സ്വാതന്ത്ര്യസമരകാലത്തെ പ്രതാപികളായിരുന്ന സോഷ്യലിസ്റ്റുകളുടെ ദുരന്തമായി തുടരുന്നത്. അതിൽ നിന്നൊരു മോചനമുണ്ടാകുക എന്നതാണ് ഐ. എസ്. സി മുന്നോട്ട് വെക്കുന്നത്.
ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിൽ ത്യാഗോജ്ജ്വലമായ പോരാട്ടം നടത്തിയവരുടെ ധാരയിലാണ് സോഷ്യലിസ്റ്റുകളുടെ സ്ഥാനം.കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ 1934ൽ കോൺഗ്രസിനകത്ത് സോഷ്യലിസ്റ്റുകൾ പ്രത്യേക ധാരയായി പ്രവർത്തിച്ചു തുടങ്ങിയതാണ്. സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ പടി പടിയായി ഇന്ത്യയുടെ ജനാധിപത്യ മതേതര പ്രതീക്ഷയായി വളർന്നു വന്നതാണ്. നിലവിൽ
സോഷ്യലിസ്റ്റ് ധാരകൾ നേരിടുന്ന അസ്തിത്വ പ്രതിസന്ധികൾക്ക് കാരണം ഭിന്നിച്ച് നില്കുന്നതാണ്.
സോഷ്യലിസ്റ്റ്കളുടെ അസ്തിത്വം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിന് രാജ്യവ്യാപകമായി നേതൃത്വം നൽകുക എന്നതാണ് സോഷ്യലിസ്റ്റ് കൗൺസിൽ ഉദ്ദേശിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു.
18 സംസ്ഥാനങ്ങളിലെ പ്രതിനിധികൾ നിലവിൽ ഐ. എസ്.സിയുടെ ഭാഗമായിട്ടുണ്ട്. കർണാടകയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ജനതാദൾ എസ് വിജയിക്കേണ്ടത്തിന്റെ ആവശ്യകത പൊതുജനങ്ങൾക്ക് ബോധ്യപെടുത്തുവാനുള്ള ഫീൽഡ് വിസിറ്റടക്കമുള്ള ഒട്ടേറെ വൈവിധ്യമാർന്ന പ്രചാരണ പ്രവർത്തനങ്ങളാണ് സോഷ്യലിസ്റ്റ് കൗൺസിൽ ഭാരവാഹികൾ ക്രമപ്പെടുത്തിയിരിക്കുന്നത്. കർണാടകയിൽ 120 സീറ്റുകൾ നേടി ജെ.ഡി.എസ് അധികാരത്തിലെത്തുമെന്ന് സോഷ്യലിസ്റ്റ് കൗൺസിൽ യോഗം വിലയിരുത്തി.
മെയ് 10-നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജെ.ഡി.എസും ബി.ജെ.പിയും കോൺഗ്രസും ഏറ്റുമുട്ടുന്ന ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. കഴിഞ്ഞ തവണ ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം നൽകി കോൺഗ്രസ് സഖ്യമുണ്ടാക്കിയെങ്കിലും പിന്നീട് എം.എൽ.എമാരുടെ കൂറുമാറ്റത്തിലൂടെ ബി.ജെ.പി ഭരണം പിടിക്കുകയായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









