ചണ്ഡീഗഡ്: രാജ്യത്തെ ഞെട്ടിച്ച് പഞ്ചാബില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം. ടാണ് ടരണിലെ പോലീസ് സ്റ്റേഷന് നേരെയാണ് റോക്കറ്റ് ലോഞ്ചര്‍ കൊണ്ടുള്ള ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അമൃത്സര്‍-ബത്തിണ്ട ഹൈവേയിലെ സര്‍ഹാലി പൊലീസ് സ്റ്റേഷനിലേക്ക് അജ്ഞാതരുടെ ആക്രമണമുണ്ടായത്. പാക്കിസ്ഥാൻ സഹായത്തോടെ ഖാലിസ്ഥാന്‍ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ യുഎപിഎ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
വെള്ളിയാഴ്ച രാത്രി ഗ്രനേഡ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പൊലീസുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞിരുന്നു. റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് (Rocket-propelled grenade) ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ക്ലര്‍ക്കും ഓഫീസ് ജീവനക്കാരനുമാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. സംഭവത്തിന് ശേഷം ഫോറൻസിക് സംഘം പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം നടത്തി. തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
ഇന്ത്യ-പാക് രാജ്യാന്തര അതിർത്തിക്കടുത്താണ് ആക്രമണം നടന്ന പൊലീസ് സ്റ്റേഷൻ. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രാഥമിക വിവരശേഖരണം നടത്തി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് റോക്കറ്റ് ഗ്രനേഡ് ഉപയോഗിച്ച് പൊലീസിന് നേരെ ആക്രമണം ഉണ്ടാകുന്നത്. പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെയും പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെയും ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









