സാങ്കേതികവിദ്യയും നിർമിത ബുദ്ധിയും വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ തൊഴിൽ മേഖലയിലെ സ്വഭാവം തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, കേരളത്തിലെ യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ച വരുമാനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ വിവിധ വികസന-നൈപുണ്യ പദ്ധതികൾ ശക്തമായി നടപ്പിലാക്കുന്നു.
വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് നാട്ടിൽ നിന്നുതന്നെ തൊഴിൽ നേടാൻ വഴിയൊരുക്കുന്നതിനായി സ്കിൽ ഡെവലപ്‌മെന്റ് പരിപാടികൾക്ക് സർക്കാർ മുൻഗണന നൽകുന്നു. ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലെ പ്രൊഫഷണൽ തൊഴിലാളി ശക്തിയിൽ 172 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, അക്കൗണ്ടന്റുമാർ, അധ്യാപകർ എന്നിവരാണ് ഈ വളർച്ചയിൽ മുന്നിൽ.
ഗ്രാമപ്രദേശങ്ങളിലേക്കും വൻകിട കമ്പനികൾ എത്തുന്നത് തൊഴിൽ വിപണിയിലെ വലിയ മാറ്റമായി മാറിയിരിക്കുകയാണ്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ സോഹോ കോർപ്പറേഷൻ കേന്ദ്രം ആരംഭിച്ചതും, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കിൻഫ്ര വികസിപ്പിച്ച വ്യവസായ പാർക്കിൽ കെയ്ൻസ് ടെക്നോളജി ഉത്പാദന യൂണിറ്റ് സ്ഥാപിക്കുന്നതും ശ്രദ്ധേയമാണ്. തുടക്ക ഘട്ടത്തിൽ തന്നെ നൂറോളം പേർക്ക് തൊഴിൽ ലഭിച്ചപ്പോൾ, അടുത്ത ഘട്ടത്തിൽ ഇത് 1500 തൊഴിലവസരങ്ങളായി ഉയരുമെന്നാണ് പ്രതീക്ഷ. കാക്കനാട് ഇലക്ട്രോണിക്സ് പാർക്കിൽ വി-ഗാർഡിന്റെ ഗവേഷണ വികസന കേന്ദ്രം ആരംഭിച്ചതും പുതിയ സാധ്യതകൾ തുറക്കുന്നു.
കിൻഫ്രയുടെ വ്യവസായ പാർക്കുകളിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27,335 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇത് കിൻഫ്രയുടെ മൂന്ന് പതിറ്റാണ്ട് ചരിത്രത്തിലെ ആകെ തൊഴിലവസരങ്ങളുടെ 40 ശതമാനത്തോളം വരും. സേവനമേഖലയിൽ കേരളം മുന്നിൽ തന്നെയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ പ്രകാരം സേവനമേഖലയിലെ തൊഴിൽ പങ്കാളിത്തം 42.6 ശതമാനത്തിൽ നിന്ന് 48.5 ശതമാനമായി ഉയർന്നിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിൽ തൊഴിലവസരങ്ങൾ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ വ്യാപിച്ചിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ സാധ്യതകൾ.അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ടാക്സേഷൻ തുടങ്ങിയ ആഗോള തൊഴിൽ മേഖലകളിലേക്ക് യുവാക്കളെ തയ്യാറാക്കാനും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. എഎസ്എപി, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവ ചേർന്ന് ആരംഭിച്ച ലീപ് സെന്റർ വഴി വിദേശ കമ്പനികൾക്കായി നാട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരങ്ങൾ ലഭ്യമാക്കുന്നു. എൻറോൾഡ് ഏജന്റ് പോലുള്ള ജോലികളിലൂടെ തുടക്കത്തിൽ 4.5 മുതൽ 6 ലക്ഷം രൂപ വരെയും, പരിചയത്തോടെ 20 ലക്ഷം രൂപവരെയും വാർഷിക വരുമാനം നേടാനാകുന്നു.
‘വിജ്ഞാനകേരളം’ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ തൊഴിലന്വേഷകരെയും തൊഴിലുടമകളെയും ബന്ധിപ്പിക്കുന്നു. ‘വർക്ക് നിയർ ഹോം’ പദ്ധതി വിദേശ കമ്പനികളിൽ നിന്ന് നാട്ടിൽ നിന്നുള്ള ജോലി സാധ്യതകൾ കൂടുതൽ വ്യാപിപ്പിക്കുന്നു.കേരള സ്റ്റാർട്ടപ്പ് മിഷൻ മുഖേന സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലും സർക്കാർ ശ്രദ്ധ പുലർത്തുന്നു. ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾ ഇതിനകം സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. ഇന്നൊവേഷൻ സെന്ററുകൾ, സാമ്പത്തിക സഹായം, മെന്റർഷിപ്പ്, ആഗോള വിപണി പ്രവേശനം എന്നിവയിലൂടെ യുവ സംരംഭകർക്ക് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്.ഈ സമഗ്രമായ നീക്കങ്ങൾ കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ച ഭാവി സൃഷ്ടിക്കാനുള്ള വഴിയൊരുക്കുന്നതോടൊപ്പം, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്കും വലിയ കരുത്തായി മാറുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









