കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ മർദിച്ച സംഭവത്തിൽ രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലയാട് പാറപ്രം സ്വദേശി മഹേഷിനെയാണ് പോലീസ് പിടിയിലായത്. ചികിത്സ നൽകുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അമൃതയെ ഇയാൾ അസഭ്യം പറയുകയും കൈ വീശി അടിക്കുകയുമായിരുന്നു.
ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്. ഇയാൾക്കെതിരെ ആക്രമണം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളും പോലീസ് ചുമത്തിയിട്ടുണ്ട്. തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ അമൃത രാഖിയുടെ പരാതിയെ തുടർന്നാണ് നടപടി.
ഇന്ന് രാവിലെ കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിയിലാണ് കേസിന് ആസ്പദമായ സംഭവം. അപകടത്തിൽ പരിക്കേറ്റ മഹേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇയാൾ മദ്യലഹരിയിലാണെന്ന് ഡോക്ടർ പറഞ്ഞു. മുഖത്ത് രക്തം പുരണ്ട നിലയിലാണ് കൊണ്ടുവന്നത്. എന്നാൽ പരിശോധിച്ചപ്പോൾ സാരമുള്ളതായിരുന്നില്ല. നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടു നോക്കിയപ്പോള്‍ കൈവീശി അടിച്ചു. ഇയാൾ അസഭ്യം പറഞ്ഞതായും ഡോക്ടർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർ പണിമുടക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









