സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പൊളിറ്റ് ബ്യൂറോയിൽ. കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്കാണ് ഗോവിന്ദനെ തെരഞ്ഞെടുത്തത്. ദില്ലിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ എം.വി.ഗോവിന്ദനെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലേക്ക് നിർദേശിച്ചു. കേന്ദ്രകമ്മിറ്റി ഈ തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമാണ് എം.വി.ഗോവിന്ദൻ. കോടിയേരിക്ക് പകരക്കാരനായി പിബിയിലേക്ക് എം.വി.ഗോവിന്ദനെ നിയോഗിക്കുമെന്നത് നേരത്തെ തന്നെ ധാരണയായിരുന്നു. സിസി,പിബി യോഗങ്ങൾക്കായി ദില്ലിയിലെത്തിയ മുഖ്യമന്ത്രി ഇക്കാര്യത്തിൽ യെച്ചൂരി ഉൾപ്പെടെയുള്ളവരുമായി ചർച്ചകളും നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ.ബേബി, എ.വിജയരാഘവൻ എന്നിവരാണ് കേരളത്തിൽ നിന്നുള്ള നിലവിലെ പിബി അംഗങ്ങൾ.അതെ സമയം പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ സന്തോഷമുണ്ടെന്ന് ഗോവിന്ദൻ പ്രതികരിച്ചു. അഭിമാനമുണ്ട്. പാർട്ടി അർപ്പിച്ച വിശ്വാസം പ്രവർത്തനത്തിലൂടെ കാത്തുസൂക്ഷിക്കും. സംസ്ഥാന സെക്രട്ടറി എന്ന നിലയിലും പിബി അംഗമെന്ന നിലയിലും കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ടുപോകാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






