ലണ്ടന്‍: ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണി തന്റെ ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ടു. ഇംഗ്ലണ്ട് ദേശീയ ടീമിനായും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായും ഏറ്റവും കൂടുതല്‍ ഗോള്‍ കണ്ടെത്തിയ റൂണി ഇനി മുഴുവന്‍ സമയ പരിശീലകന്റെ റോളിലായിരിക്കും ഫുട്‌ബോളില്‍ തുടരുക.
മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസവുമായിരുന്ന റൂണി ഡെര്‍ബി കൗണ്ടിക്കുവേണ്ടി കളിച്ചാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഡെര്‍ബി കൗണ്ടിയുടെ പരിശീലകനാവുന്നതിനായാണ് റൂണി 35ാം വയസില്‍ കളി മതിയാക്കിയത്. ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിലൊരാളാണ് വെയ്ന്‍ റൂണി. 2023 വരെയാണ് പരിശീലകനായുള്ള അദ്ദേഹത്തിന്റെ കരാര്‍. ഫിലിപ് കോകുവിനെ പുറത്താക്കിയത് മുതല്‍ റൂണി ഡാര്‍ബിയുടെ താല്‍ക്കാലിക പരിശീലകനായിരുന്നു.
രാജ്യാന്തര കരിയര്‍ 2017ല്‍ അവസാനിപ്പിച്ച താരം 2018ല്‍ വിടവാങ്ങല്‍ മത്സരം കളിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടനിലൂടെയാണ് റൂണി തന്റെ ക്ലബ്ബ് കരിയര്‍ ആരംഭിക്കുന്നത്.
ഇംഗ്ലണ്ടിനായി കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡും റൂണിയുടെ പേരിലാണ്. 2000 മുതല്‍ ദേശീയ ടീമിന്റെ ഭാഗമായ അദ്ദേഹം 2003ലാണ് സീനിയര്‍ ടീമിന്റെ ഭാഗമാവുന്നത്. 2018വരെ ഇംഗ്ലണ്ട് ജഴ്‌സി റൂണി അണിഞ്ഞിരുന്നു. 764 മത്സരങ്ങള്‍ കളിച്ച റൂണി 314 ഗോളുകള്‍ നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 253 ഗോളുകള്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിനായി 119 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതിഹാസങ്ങളുടെ പട്ടികയില്‍ ഇടം നേടിയ റൂണി പരിശീലക വേഷത്തിലെത്തുമ്പോള്‍ പുതിയ ചരിത്ര നേട്ടങ്ങള്‍ തന്നെ വെട്ടിപ്പിടിക്കാന്‍ റൂണിക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









