ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ മുന്‍ നായകന് വിരാട് കോലിയുടെ വമ്പന്‍ തിരിച്ചുവരവാണ് ഏവരും പ്രതീക്ഷിക്കുന്നത്. സെഞ്ചുറിയില്ലാത്ത 1000 ദിനങ്ങള്‍ പിന്നിട്ട കോലി വിമര്‍ശകര്‍ക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി നല്‍കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കേ ടീമിലെ സ്ഥാനം സുരക്ഷിതമാക്കാനും ഏഷ്യാ കപ്പിലെ പ്രകടനം കോലിക്ക് അത്യാവശ്യമാണ്. കോലിയുടെ ഭാവി എന്തായിരിക്കും എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് പാക് മുന്‍താരം ഷാഹിദ് അഫ്രീദി.
ഭാവി കോലിയുടെ തന്നെ കൈകളിലാണ് എന്നായിരുന്നു ഇതിന് സൂപ്പര്‍താരത്തിന്റെ പ്രതികരണം. കോലി 1000 ദിനങ്ങളായി സെഞ്ചുറി കണ്ടെത്താത്തതിനെ കുറിച്ച് എന്ത് പറയുന്നു എന്നായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്. ഇതിനും അഫ്രീദി മറുപടി നല്കി. പ്രതിസന്ധി ഘട്ടങ്ങള്‍ മാത്രമേ വമ്പന്‍ താരങ്ങളെ കാണിക്കുകയുള്ളൂ എന്നായിരുന്നു മുന്‍താരത്തിന്റെ പ്രതികരണം. ഓഗസ്റ്റ് 28-ാം തിയതി പാകിസ്ഥാനെതിരായ പോരാട്ടത്തോടെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ തുടങ്ങുന്നത്. 1000ത്തിലേറെ ദിവസങ്ങളായി ഒരു സെഞ്ചുറി നേടിയിട്ട് എന്നത് മാത്രമല്ല, നീണ്ട വിശ്രമം കഴിഞ്ഞാണ് കോലി മൈതാനത്തേക്ക് തിരിച്ചെത്തുന്നതും. ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു മത്സരത്തിലും 20ലേറെ റണ്‍സ് കണ്ടെത്താനാകാതെ വന്ന കോലി വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ പര്യടനങ്ങളില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് ഏഷ്യാ കപ്പിലൂടെ മടങ്ങിവരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









