കാട്ടുപന്നികൾ കാട് വിട്ട് ജനവാസകേന്ദ്രങ്ങളിലേക്കും ടൗണുകളിലേക്കും ചേക്കേറുന്നത് മനുഷ്യജീവനും കാര്‍ഷികവിളകള്‍ക്കും ഭീഷണി ഉയര്‍ത്തുകയാണ്.ഇവറ്റകളുടെ ആക്രമണത്തില്‍ നിരവധി മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. കൂടാതെ ഗുരുതര പരിക്കുകളുമായി ആശുപത്രിയിലും വീടുകളിലും കിടപ്പിലായവര്‍ അനവധിയാണ്. കോഴിക്കോട് ബൈപാസില്‍ ഹൈലൈറ്റ് മാളിനു സമീപം റോഡിലേക്കു ചാടിയ പന്നി വാഹനത്തില്‍ തട്ടി ചേളന്നൂര്‍ സ്വദേശി സാദിഖ് മരണപെട്ടു . മാത്രവുമല്ല താമരശ്ശേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പില്‍ പന്നി കയറിയപ്പോള്‍ ഭാഗ്യംകൊണ്ടു മാത്രമാണ് കുട്ടികള്‍ രക്ഷപ്പെട്ടത്.
തിരക്കുള്ള റോഡുകളില്‍പോലും കുറുകെ ചാടുന്ന പന്നികള്‍ വാഹനത്തില്‍ തട്ടി അപകടം വരുത്തുന്നത് പതിവായിരിക്കുകയാണ്. ഭക്ഷണം തേടി കാടിറങ്ങിവരുന്ന പന്നികള്‍ നാടുകളിലെത്തി ജനവാസകേന്ദ്രങ്ങള്‍ക്കു സമീപത്തെ ചെറുകാടുകളിലും പൊന്തകളിലും അഭയം തേടുകയും പിന്നീട് പെറ്റുപെരുകുകയുമാണ് ചെയ്യുന്നത്.
പന്നികളെ കൊല്ലാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നിരന്തരം സമരം ചെയ്തിട്ടും പരിഹാരം കാണാതെ വനം വകുപ്പ് ഒഴിഞ്ഞുമാറുകയാണ്. തുടർന്ന് ഈ ആവശ്യമുന്നയിച്ച് ഹൈകോടതിയെ സമീപിച്ച കര്‍ഷകര്‍ക്ക് ശല്യക്കാരായ പന്നികളെ വെടിവെച്ചുകൊല്ലാന്‍ അനുമതി ലഭിച്ചെങ്കിലും ലൈസന്‍സുള്ള തോക്ക് കൈവശമില്ലാത്തതിനാല്‍ ലഭിച്ച അനുമതി പാഴാവുകയാണ്.
തോക്ക് ലൈസന്‍സുള്ളവര്‍ പ്രായാധിക്യവും അനാരോഗ്യവും ഉള്ളവരായതിനാലും വെടിവെക്കല്‍ അപ്രായോഗികമാണ്. ഈ ആവശ്യത്തിന് പുതുതായി ലൈസന്‍സിന് അപേക്ഷിച്ചാല്‍ ലഭിക്കാത്ത സാഹചര്യവുമാണ് നിലവിലുള്ളത്. ചില സംസ്ഥാനങ്ങളില്‍ കാട്ടുപന്നികളെ ക്ഷുദ്രജീവി പട്ടികയില്‍പെടുത്തി ഉപാധികളില്ലാതെ കൊല്ലുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ബന്ധപ്പെട്ട വകുപ്പുമന്ത്രിയും കേന്ദ്രവുമായും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമൊന്നുമായിട്ടില്ല. കാട്ടുപന്നികളുടെ അനിയന്ത്രിതമായ പെരുപ്പം തടയാനും അവയെ ഏതുവിധേനയും കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണമെന്ന് താമരശ്ശേരി മേഖല കര്‍ഷക കൂട്ടായ്മ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






