കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദിച്ചതിനെതിരെ കോഴിക്കോട് ജില്ലയിൽ ഡോക്ടർമാരുടെ സമരം രോഗികളെ വലച്ചു. സമരത്തെക്കുറിച്ച് അറിയാതെ സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ എത്തിയ രോഗികൾക്ക് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടിവന്നു. അതേസമയം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തയാറാകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
ഡോക്ടറെ മർദിച്ച സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു ഐഎംഎയുടെ നേതൃത്വത്തിൽ ഇന്ന് ഡോക്ടർമാരുടെ സമരം. അത്യാഹിത വിഭാഗത്തെ മാത്രമാണ് സമരത്തിൽ നിന്ന് ഒഴിവാക്കിയത്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയും മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയും സമരത്തിൽ പങ്കെടുത്തു. സർക്കാർ ഡോക്ടർമാരുടെ സമരം ഒപി ബഹിഷ്കരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി വിദ്യാർഥികൾ മാത്രമാണ് ഒപിയിലെത്തിയത്.
കേസിൽ ഉൾപ്പെട്ട മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രികളെ സുരക്ഷിത കേന്ദ്രങ്ങളാക്കാൻ സർക്കാർ തയാറാകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീർ റോഡ് ഉപരോധിച്ച് സമരം നടത്തിയതിനെ ചൊല്ലി ഡോക്ടർമാരും യാത്രക്കാരും തമ്മിൽ തർക്കമുണ്ടായി. ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ആറു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നടക്കാവ് പൊലീസ് കേസെടുത്തു. ഇവരിൽ രണ്ടുപേർ കഴിഞ്ഞ ദിവസം കീഴടങ്ങി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







