കൊച്ചി :ആറു വർഷക്കാലം മനസ്സില്‍ കൊണ്ടുനടന്ന സ്നേഹബന്ധത്തില്‍ നിന്ന് അവള്‍ പിന്മാറിയപ്പോള്‍ ആ ബന്ധത്തിന്റെ ചരട് അറുത്തെറിയാൻ ആ യുവാവ് തിരഞ്ഞെടുത്തത് ഒരു ജീവനാണ്.വടക്കൻ പറവൂരിലെ തുരുത്തിപ്പുറത്ത് പ്രണയനൈരാശ്യത്തിന്റെ പേരില്‍ ഒരു യുവതി ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ഒരു നാട് മുഴുവനും.
ചൂണ്ടി സ്വദേശിനിയായ ഇരുപത്തിനാലുകാരി സുരമ്യയാണ് ആണ്‍സുഹൃത്തിന്റെ കത്തിക്കിരയായി ദാരുണമായി കൊല്ലപ്പെട്ടത്. ആറു വർഷക്കാലം നീണ്ട പ്രണയമായിരുന്നു ഇവരുടേത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ഈ ബന്ധത്തില്‍ നിന്ന് പിന്മാറാൻ സുരമ്യ ആഗ്രഹിച്ചിരുന്നു.ഈ അകല്‍ച്ചയും അഭിപ്രായവ്യത്യാസങ്ങളും ഇരുവരും തമ്മില്‍ നിരന്തരമായ തർക്കങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഇതിനെക്കുറിച്ച് അവസാനമായി സംസാരിച്ച് ഒടുവില്‍ ഒരു തീരുമാനത്തില്‍ എത്തുന്നതിനായാണ് സുരമ്യ ഇന്ന് രാവിലെ പത്ത് മണിയോടെ തുരുത്തിപ്പുറത്തെ ഷിബിന്റെ വീട്ടിലെത്തിയത്.
എന്നാല്‍ സംസാരിക്കുന്നതിനിടയിലുണ്ടായ വാക്കുതർക്കം ഒരു കൊടുംക്രൂരതയിലേക്ക് വഴിമാറുകയായിരുന്നു. പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ ദേഷ്യത്തില്‍, വീട്ടിലുണ്ടായിരുന്ന കറിക്കത്തി എടുത്ത് ഷിബിൻ സുരമ്യയെ കുത്തിവീഴ്ത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് വീട്ടുകാരും ഓടിയെത്തിയെങ്കിലും രക്തത്തില്‍ കുളിച്ചു കിടക്കുന്ന സുരമ്യയെയാണ് അവർ കണ്ടത്.ഉടൻ തന്നെ പറവൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ച പ്രതി ഷിബിനെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വടക്കേക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിവരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








