സംസ്ഥാനത്തെ നിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള 726 എ.ഐ. ക്യാമറകള്‍ തിങ്കളാഴ്ചമുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങും. ബോധവത്കരണ നോട്ടീസ് നല്‍കല്‍ അവസാനിപ്പിച്ച് പിഴചുമത്തലിലേക്ക് കടക്കുന്നത്. മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളും സജ്ജമാണ്.
ക്യാമറയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെല്‍ട്രോണുമായുള്ള വ്യവസ്ഥകളില്‍ അന്തിമരൂപമാവുന്നതേയുള്ളൂ. കേടാകുന്ന ക്യാമറകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും കെല്‍ട്രോണിന്റെ ചുമതലയാണ്. അപകടങ്ങളിലും മറ്റും കേടാകുന്ന ക്യാമറകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സഹായം നല്‍കും. റോഡിലെ നിയമലംഘനങ്ങള്‍ കുറച്ച് അതുവഴി അപകടങ്ങള്‍ ഇല്ലാതാക്കാനാണ് നടപടി.
നിയമലംഘനങ്ങൾ
അമിത വേഗം, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹന യാത്ര, അമിത ഭാരം, ഇന്‍ഷുറന്‍സ്, മലീനീകരണ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പിഴ ഈടാക്കും. ഏതൊക്കെ ക്യാമറയുടെ പരിധിയില്‍ എത്തുന്നോ അവയില്‍ നിന്നൊക്കെ പിഴ വരും. ഒരേ കാര്യത്തിന് നിരവധി ക്യാമറകളില്‍ നിന്ന് പിഴവന്നാല്‍ അതില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ക്യാമറകളില്‍ പുറത്തുനിന്ന് ഇടപെട്ട് കൃത്രിമം വരുത്താനാകില്ലെന്നാണ് അവകാശവാദം.
നിലവില്‍ പിഴത്തുക ഈടാക്കുന്നത് ഇങ്ങനെ
▪️ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നത് – 500 രൂപ
▪️പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തത് – 500
▪️മൂന്നുപേരുടെ ബൈക്ക് യാത്ര – 1000
▪️ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് – 2000
▪️നാലുചക്ര വാഹനങ്ങളില്‍ സീറ്റ്‌ബെല്‍റ്റില്ലാതെ യാത്രചെയ്യുന്നത് – 500
▪️അമിതവേഗം – 1500
▪️അനധികൃത പാര്‍ക്കിംഗ് – 250
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









