പാലക്കാട്: ചെർപ്പുളശ്ശേരിയിൽ 32കാരൻ പതിനേഴുകാരിയെ വിവാഹം കഴിച്ച സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം ചെർപ്പുളശേരി പൊലീസ് ശൈശവ വിവാഹത്തിന് കേസെടുത്തിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ്.
ശൈശവ വിവാഹ നിരോധന നിയമപ്രകാരം പെൺകുട്ടിയുടെ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ സാമ്പത്തിക പരാധീനത മുതലെടുത്താണ് വിവാഹം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ചെർപ്പുളശേരി സ്വദേശിയായ 32 കാരനും മണ്ണാർക്കാട് സ്വദേശിയായ 17കാരിയും ജൂൺ 29 നാണ് വിവാഹിതരായത്.തൂത ഭഗവതിക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ നൂറിലധികം പേർ പങ്കെടുത്തിരുന്നു. ശൈശവ വിവാഹത്തെക്കുറിച്ച് അറിഞ്ഞ മണ്ണാർക്കാട് ശിശുക്ഷേമ സമിതി ചെർപ്പുളശ്ശേരി പോലീസിൽ നിന്ന് വിവരങ്ങൾ തേടി. തുടർന്ന് പെൺകുട്ടിയുടെ വീട്ടിലും സ്‌കൂളിലും പോലീസ് പരിശോധന നടത്തി. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ വീട്ടിൽ നിന്ന് കണ്ടെടുത്തു. വിവാഹം നടന്ന ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
അതിനിടെ വധുവിന്റെ പ്രായത്തെ കുറിച്ച് അറിയില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പോലീസിന് മൊഴി നൽകി. വധുവും വരനും മാതാപിതാക്കളും ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. വരൻ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടിൽ മണികണ്ഠൻ, പെൺകുട്ടിയുടെ അച്ഛൻ, അമ്മ എന്നിവർക്കെതിരേയാണ് കേസെടുത്തതെന്ന് എസ്.എച്ച്.ഒ. ടി. ശശികുമാർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









