കോഴിക്കോട് : കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളുടെ ഗ്രൂപ്പിസത്തെ തുടർന്ന് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി രാജിവച്ചു. ഒരു വർഷത്തിലേറെയായി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ശിഹാബ് മാട്ടുമുറി കാലാവധി തീരാൻ ഒരു മാസവും പത്തുദിവസവും ബാക്കി നിൽക്കെയാണ് രാജിവച്ചത്.
രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. കത്ത് ലഭിച്ചതായും തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകിയതായും സെക്രട്ടറി കെ. ആബിദ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കോൺഗ്രസിലെ മറ്റൊരു അംഗവുമായുണ്ടായ വാക്കേറ്റത്തെ തുടർന്നാണ് ഷിഹാബ് മാട്ടുമുറി രാജിവെച്ചത്.
പഞ്ചായത്തിലെ മാലിന്യശേഖരണവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനിടെയാണ് പ്രശ്നമുണ്ടായത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയിൽ ആദ്യ രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം മുസ്ലീം ലീഗിനും വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനുമാണ്. കോൺഗ്രസിലെ ധാരണ പ്രകാരം ഒന്നര വർഷം കരിം പഴങ്കൽ വൈസ് പ്രസിഡന്റായിരുന്നു. തുടർന്ന് ബാബു പൊലുകുന്ന് വൈസ് പ്രസിഡന്റായെങ്കിലും മുക്കുപണ്ട കേസിനെ തുടർന്ന് രാജിവച്ചു. തുടര്‍ന്നാണ് ഷിഹാബ് മാട്ടുമുറി വൈസ് പ്രസിഡന്റായത്.
ഭരണസമിതി അധികാരമേറ്റ ആദ്യഘട്ടം മുതൽ കോൺഗ്രസിൽ ഗ്രൂപ്പിസവും സീനിയോറിറ്റി തർക്കവും നിലനിന്നിരുന്നു. ഇത് പല ഘട്ടങ്ങളിലായി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് രാജി. യു.ഡി.എഫ് ധാരണ പ്രകാരം ജൂൺ 30 വരെ കോൺഗ്രസിന് വൈസ് പ്രസിഡൻറ് സ്ഥാനം ഉണ്ട്.അതേസമയം ഒന്നര മാസം തികയാൻ ബാക്കിനിൽക്കെ വൈസ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിന് ലഭിക്കുമോ എന്ന് ഉറപ്പില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







