ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത സിനിമകൾ വീണ്ടും തിയറ്ററുകളിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. മോഹന്‍ലാല്‍ അഭിനയിച്ച ചിത്രമാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒ ടി ടി യില്‍ റിലീസ് ചെയ്താല്‍ പിന്നീട് തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ലെന്നും വിജയകുമാര്‍ വ്യക്തമാക്കി. മോഹൻലാൽ ചിത്രം ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയറ്ററുകളിലെത്തുമെന്ന വാർത്തകൾക്കിടെയാണ് ഫിലിം ചേംബർ നിലപാട് കടുപ്പിച്ചത്.
ആമസോണ്‍ പ്രൈമിലൂടെ ഫെബ്രുവരി 19 നാണ് ദൃശ്യം 2 പ്രേക്ഷകരിലേക്കെത്തുന്നത്. ഒരിടവേളക്ക് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ ദൃശ്യവും തിയറ്ററില്‍ കാണാമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ദൃശ്യം 2 ഒടിടിയിലും മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം തിയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടയില്‍ ഒടിടിയില്‍ റീലീസ് ചെയ്താലും ചിത്രം തിയറ്ററുകളിലെത്തുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.
അതേസമയം, ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിലിം ചേംബര്‍ നിലപാട് തള്ളി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തി. സിനിമ വിലക്കിയ ഫിലിം ചേംബര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് പറഞ്ഞ ലിബര്‍ട്ടി ബഷീര്‍ ഒ ടി.ടിക്ക് ശേഷവും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും വ്യക്തമാക്കി.
മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്ബത്തിക പ്രതിസന്ധിയെ തുര്‍ന്നാണ് ദൃശ്യം ഒ ടി ടി റിലീസിന് തീരുമാനിച്ചതെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ പറയുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ, എസ്തര്‍, മുരളി ഗോപി, ആശ ശരത്, സിദ്ധിഖ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
തിയറ്ററുകള്‍ തുറന്ന ശേഷം ജയസൂര്യയുടെ വെള്ളം, യുവതാരങ്ങളുടെ യുവം, ഓപ്പറേഷന്‍ ജാവ തുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തിട്ടുണ്ട്. മൂന്നു ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









