മൂന്നാർ: ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നുമുതൽ രണ്ടുമാസത്തേക്ക് വിനോദസഞ്ചാരികൾക്കായി തുറക്കില്ല. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ ആണ് പാർക്കും വിനോദസഞ്ചാരകേന്ദ്രമായ രാജമലയും അടയ്ക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വരയാടിൻ കുട്ടികളെ രാജമലയിലെ ഉദ്യാനത്തിലും പരിസരത്തും കണ്ടെത്തിയിരുന്നു. ഉദ്യാനത്തിനുള്ളിലെ നായ്‌ക്കൊല്ലി മലയിടുക്കിലാണ് പുതി വരയാടിൻ കുഞ്ഞുങ്ങളെ കണ്ടത്. ഇതേത്തുടർന്ന് 31 മുതൽ പാർക്ക് അടയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കത്ത് നൽകി. വരയാടുകൾക്ക് സുരക്ഷിതമായ പ്രജനനകാലം ഉറപ്പാക്കുന്നതിനും കുഞ്ഞുങ്ങൾക്ക് സന്ദർശക സാന്നിധ്യംകൊണ്ട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടികൾ ഒഴുവാക്കുന്നതിനുമാണ് ഉദ്യാനം അടച്ചിടുന്നത്. പ്രജനനകാലത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിന് ഏപ്രിൽ ഒന്നിനാണ് തുറന്ന് പ്രവർത്തനമാരംഭിച്ചത്. ഈ വർഷത്തെ വരയാടുകളുടെ കണക്കെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടക്കും.
കഴിഞ്ഞ വർഷത്തെ സെൻസസിൽ മൊത്തം 785 വരയാടുകളെയാണ് കണ്ടെത്തിയത്. ഇതിൽ 125 എണ്ണം കുഞ്ഞുങ്ങളാണ്. സാധാരണ ജനുവരി രണ്ടാം വാരത്തിലാണ് വരയാടുകളുടെ പ്രസവം തുടങ്ങുന്നതെങ്കിലും ഈ വർഷം ഡിസംബർ രണ്ടാം വാരത്തിൽ പുതിയ കുഞ്ഞിനെ പാർക്കിനുള്ളിൽ കണ്ടിരുന്നു. കൊവിഡിന് ശേഷമുള്ള ഏറ്റവും നല്ല തിരക്കാണ് ഇരവികുളം ദേശീയോദ്യാനത്തിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ദിവസവും ശരാശരി രണ്ടായിരം സഞ്ചാരികൾ ഇപ്പോൾ ഇവിടെയെത്തുന്നുണ്ട്. ഏപ്രിൽ ആദ്യമാകും ഇനി ഉദ്യാനം സഞ്ചാരികൾക്ക് തുറന്ന് നൽകുക.
രാജമല വരയാടുകളുടെ സ്വർഗംകേരളത്തിൽ ഏറ്റവുമധികം വരയാടുകളുള്ളത് രാജമലയിലാണ്- 785. രാജമലയിലെ 97 ചതുരശ്രമൈൽ പ്രദേശമാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രം. സമുദ്രനിരപ്പിൽ നിന്ന് 2,500 മീറ്ററിലധികം ഉയരത്തിലുള്ള പ്രദേശമാണിത്. വരയാടുകളുടെ സംരക്ഷണം മുൻനിർത്തി 1975 ലാണ് ഇരവികുളത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. വരയാടുകൾ വംശനാശം നേരിട്ടതോടെയാണ് പ്രജനന കാലത്ത് ദേശീയോദ്യാനത്തിലേയ്ക്ക് സഞ്ചാരികളുടെ വരവ് വനംവകുപ്പ് നിയന്ത്രിച്ചത് തുടങ്ങിയത്. ഒരു സീസണിൽ ആകെയുണ്ടാകുന്ന കുഞ്ഞുങ്ങളിൽ 45 ശതമാനം മാത്രമാണ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുക.
30 വയസാണ് ഇവയുടെ ശരാശരി ആയുസ്.പ്രസവം പാറക്കെട്ടുകൾക്കിടയിൽകീഴ്ക്കാം തൂക്കായ പാറക്കെട്ടുകൾക്കിടയിലാണ് വരയാടുകൾ പ്രസവിക്കുന്നത്. മൂന്നാഴ്ച കഴിഞ്ഞാലേ കുഞ്ഞുങ്ങളുമായി ഇവ പുറത്തു വരൂ. സാധാരണ ഒരു പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുക. അപൂർവമായി ഇരട്ടകളും ഉണ്ടാകും. ജനുവരി മുതൽ മാർച്ച് വരെയാണ് പ്രജനനകാലം. ഈ സമയങ്ങളിൽ സന്ദർശകരെ അനുവദിക്കാറില്ല. കാണുന്ന പ്രധാന ഇടങ്ങൾ ആനമുടി, രാജമല, പെരുമാൾമല, പൂവാർ, ചിന്നപൂവാർ, വരയാറ്റ് മുടി, ക്യാമ്പ്മല
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







