ആര്‍ത്തവവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന ധാരാളം സ്ത്രീകളുണ്ട്. അമിത രക്തസ്രാവം വേദന, അസ്വസ്ഥത, ആര്‍ത്തവചക്രത്തിലെ ക്രമക്കേട് എന്നിങ്ങനെ ചെറുതോ വലുതോ ആയ പ്രശ്നങ്ങള്‍ നേരിടാത്ത സ്ത്രീകള്‍ അപൂര്‍വമായിരിക്കും.
പലപ്പോഴും ഈ വിഷയങ്ങളില്‍ വേണ്ടത്ര അവബോധമില്ലാത്തതും അറിവ് നേടാന്‍ ശ്രമിക്കാതിരിക്കുന്നതും മൂലം കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് ആര്‍ത്തവപ്രശ്നങ്ങള്‍ നേരിടുന്ന മിക്ക സ്ത്രീകളും പോകാറ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് നാട്ടുചികിത്സകളെയും പറഞ്ഞുകേട്ടുള്ള പൊടിക്കൈകളെയും ആശ്രയിക്കുന്ന എത്രയോ പേരുണ്ട്. ഇങ്ങനെ നിരന്തരം ആര്‍ത്തവ പ്രശ്നങ്ങൾ അവഗണിക്കുന്നത് ഭാവിയില്‍ മറ്റ് അസുഖങ്ങളിലേക്കോ അപകടകരമായ ആരോഗ്യവസ്ഥയിലേക്കോ നയിച്ചേക്കാം. അതിനാല്‍ തന്നെ ആര്‍ത്തവപ്രശ്നങ്ങളെ അവയുടെ ഗൗരവം അനുസരിച്ച് തുടക്കകാലത്തില്‍ തന്നെ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്.
സാധാരണഗതിയില്‍ ആര്‍ത്തവത്തില്‍ അഞ്ച് ദിവസം വരെയാണ് രക്തസ്രാവം ഉണ്ടാകുന്നത്. ചിലരില്‍ ഇത് ഏഴ് വരെ, അതായത് ഒരാഴ്ചയോളം വരെ നീണ്ടുപോകാറുണ്ട്. അഞ്ച് ദിവസമാണെങ്കില്‍ അതിനുള്ളില്‍ ഏതാണ്ട് 80 എം.എല്‍ രക്തം നഷ്ടപ്പെടാം. ഇതില്‍ നിന്ന് പുറത്തുപോകുന്ന രക്തത്തിന്റെ അളവ് ഒരുപാട് കൂടുന്നുവെങ്കില്‍ അത് അമിത രക്തസ്രാവമായി കണക്കാക്കാം. പലര്‍ക്കും രക്തസ്രാവം ‘നോര്‍മല്‍’ ആണോ, അതോ ‘അബ്നോര്‍മല്‍’ ആണോയെന്ന് തിരിച്ചറിയാന്‍ സാധിക്കാതിരിക്കാറുണ്ട്. ഇത്തരത്തില്‍ ഈ പ്രശ്നത്തെ മറികടക്കാം. മറ്റൊന്ന് രക്തസ്രാവത്തിനിടെ രക്തം കട്ടയായി പുറത്തു പോകാറുണ്ട് ഇത് മിക്കപ്പോഴും അനാരോഗ്യകരമായ സൂചനയാണ് നല്‍കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല അസുഖങ്ങളുടെയും ഭാഗമായി ഇത്തരത്തില്‍ രക്തം കട്ട പിടിച്ച് വരാം. അതുകൊണ്ട് തന്നെ ഇക്കാര്യം ഡോക്ടറെ കണ്ട് സൂചിപ്പിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ തേടുകയും ആവശ്യമെങ്കില്‍ പരിശോധനകള്‍ നടത്തുകയും വേണം.
മറ്റൊന്ന് വളരെ പ്രാധാന്യമുള്ളൊരു അസുഖമാണ് ‘എന്‍ഡോമെട്രിയോസിസ്’. സ്ത്രീകളില്‍ പ്രത്യുത്പാദന വ്യവസ്ഥയോട് അനുബന്ധിച്ചുണ്ടാകുന്ന അസുഖങ്ങളില്‍ അല്പം സങ്കീര്‍ണമായ ഒന്നാണ് ‘എന്‍ഡോമെട്രിയോസിസ്’. ഗര്ഭപാത്രത്തിനകത്തോ, പിന്നിലായോ, വയറിന് താഴ്ഭാഗത്തായോ എല്ലാം രക്തം കെട്ടിക്കിടക്കുന്ന സാഹചര്യമാണ് ‘എന്‍ഡോമെട്രിയോസിസ്’ലേക്ക് നീളുന്നത്. തുടക്കസമയത്താണ് ഇത് കണ്ടെത്തുന്നതെങ്കില്‍ ചികിത്സയിലൂടെ ഭേദപ്പെടുത്താനാകും. അല്ലാത്തപക്ഷം ശസത്രക്രിയ ആവശ്യമായി വരാം. ആര്‍ത്തവകാലത്ത് മിതമായ രീതിയില്‍ കായികമായ ജോലികളിലേര്പ്പെടുന്നതില് യാതൊരുവിധ പ്രശ്നങ്ങളുമില്ല. വ്യായാമവും ചെയ്യാവുന്നതാണ്. എന്നാല്‍ അമിത രക്തസ്രാവം, വേദന, തളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ നിര്‍ബന്ധമായും വിശ്രമിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







