പാലക്കാട് ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിൽ പൊതുപ്രവര്‍ത്തകയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മേലാർകോട് കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. 24 വയസ്സായിരുന്നു. മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കീഴടങ്ങി. സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലുണ്ടായ ചില അസ്വരാസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പൊലീസിനോട് പറഞ്ഞു. ആലത്തൂര്‍ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്നും സുഹൃത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









