ഹിജ്റ രണ്ടാം വർഷം റമദാൻ പതിനേഴാം വെള്ളിയാഴ്ചയാണ് ചരിത്രപ്രസിദ്ധമായ ബദർ യുദ്ധം നടന്നത്. ‘യൗമുൽ ഫുർഖാൻ’ എന്നാണ് ബദർ യുദ്ധ ദിനത്തെ ഖുർആൻ പരിചയപ്പെടുത്തുന്നത്. അസത്യത്തിന്മേൽ സത്യവും അനീതിക്ക്മേൽ നീതിയും അധർമ്മത്തിന്മേൽ ധർമവും ജയിക്കുന്ന ദിവസമായതിനാലാണ് ബദ്ർ ദിനത്തിന് യൗം അൽ ഫുർഖാൻ എന്ന് പറയുന്നത്.
മക്കയിലെ ബഹുദൈവാരാധകർ അഹങ്കാരാർഭാടങ്ങളോടെയാണ് ബദറിലേക്ക് പുറപ്പെട്ടത്. ആൾബലവും ആയുധശേഖരവും അവരുടെ ആത്മവിശ്വാസം ഇരട്ടിയാക്കി. മറുവശത്ത്, കാര്യമായ യുദ്ധോപകരണങ്ങളോ സൈനിക ഉപകരണങ്ങളോ ഇല്ലാതെയാണ് പ്രവാചകന്റെ നേതൃത്വത്തിൽ മുസ്ലീം സൈന്യം യുദ്ധത്തെ നേരിട്ടത്. ഉറച്ച വിശ്വാസവും ആത്മാർത്ഥതയും അർപ്പണബോധവും മാത്രമായിരുന്നു അവരുടെ ഊർജം. ബദറിൽ എതിരാളികളുടെ മേൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാൻ മുസ്ലിം സൈന്യത്തിന് കഴിഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ അല്ലാഹുവിന്റെ സഹായത്തിലുള്ള വിശ്വാസം വിശ്വാസികളെ വിജയത്തിലേക്ക് നയിക്കുമെന്നതാണ് ബദ്റിന്റെ മഹത്തായ പാഠം. കഴിവും ആസൂത്രണവും മനുഷ്യവിഭവശേഷിയും ഉണ്ടെങ്കിലും അല്ലാഹുവിന്റെ സഹായത്തിൽ ഉറച്ചു വിശ്വസിക്കണം.
പ്രതിബന്ധങ്ങളെ സജീവമായി നേരിടാൻ മുസ്ലിം ഉമ്മത്തിനെ സജ്ജരാക്കുന്നതിൽ ബദർ വഹിച്ച പങ്ക് ചെറുതല്ല. അബൂസുഫ് യാനിന്റെ നേതൃത്വത്തിലുള്ള വർത്തകസംഘത്തെ പിടികൂടാനാണല്ലോ നബി സഹാബികളൊന്നിച്ച് ബദ്റിലേക്ക് പുറപ്പെട്ടത്. സായുധരായ മക്കാ സൈന്യത്തെയാണ് തങ്ങൾക്കു നേരിടേണ്ടത് എന്ന യാഥാർത്ഥ്യം പ്രവാചകൻ മനസ്സിലാക്കിയത് വാദി ദാഫിറാനിലാണ്. പതർച്ചയും പകർച്ചയുമില്ലാതെ നബി തന്റെ നേതൃശേഷി പ്രകടിപ്പിച്ച സന്ദർഭമായിരുന്നു അത്. തന്റെ അനുചരന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രവാചകൻ അല്ലാഹുവിന്റെ തീരുമാനം അറിയിച്ചു. മുഹാജിറുകളും അൻസാറുകളും ഉൾപ്പെടെയുള്ള സ്വഹാബികൾ തങ്ങളുടെ നേതാവിന് നിരുപാധിക പിന്തുണ നൽകി.
ഭൗതികമായി നിരവധി പരിമിതികൾക്കിടയിലും ഒരുമയോടെ വിജയം കൈവരിക്കാനാകുമെന്ന് തെളിയിക്കുന്നതാണ് ബദറിലെ വിജയം. എല്ലാ അഭിപ്രായവ്യത്യാസങ്ങളും നിലനിൽക്കെ ജീവിത പ്രശ്നങ്ങളിൽ ഐക്യപ്പെടാനുള്ള പ്രചോദനമാണ് ബദറിന്റെ സന്ദേശം. അനൈക്യമാണ് ഇന്ന് മുസ്ലീം സമുദായം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഒരുമിച്ച് നിന്നാൽ അസാധ്യമായത് ഒന്നുമില്ല. ചിതറിപ്പോയാൽ കിട്ടാവുന്നത് പോലും നഷ്ടപ്പെടും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







