കോഴിക്കോട്: ചാത്തമംഗലം – പെരുവയല്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെട്ടിക്കടവില്‍ ചെറുപുഴയ്ക്കു കുറുകെ നിർമിച്ച പാലം ഉദ്ഘാടനത്തിന് സജ്ജമായി. ഇരു ഭാഗങ്ങളിലെയും അപ്രോച്ച് റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തിയായതോടെ പാലം പൂർണമായി ഗതാഗതത്തിനു തുറന്നു കൊടുക്കും. 2024 ഫെബ്രുവരി 29 വ്യാഴം വൈകീട്ട് 05.30ന് പി.ടി.എ റഹീം എംഎൽഎയുടെ അധ്യക്ഷതയിൽ പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.
ഇതോടെ മലപ്പുറം ജില്ലയില്‍ നിന്നും ഊർക്കടവ് പാലം കടന്ന് എത്തുന്നവർക്കും കോഴിക്കോട് ഭാഗത്ത് നിന്ന് എത്തുന്നവര്‍ക്കും നഗര തിരക്കില്‍ പെടാതെ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും എളുപ്പമെത്താം.
വാഴക്കാട്, രാമനാട്ടുകര, പെരുമണ്ണ, മെഡിക്കല്‍ കോളജ്, പൂവാട്ടുപറമ്ബ് ഭാഗങ്ങളില്‍നിന്ന് ചാത്തമംഗലം എൻഐടി, ആർട്സ് കോളജ്, എംവിആർ കാൻസർ സെന്റർ, കൊടുവള്ളി, വയനാട്, മുക്കം, താമരശേരി ഭാഗങ്ങളിലേക്കുള്ള യാത്ര വളരെ എളുപ്പത്തിലാകും. 11.16 കോടി ചെലവിലാണ് പാലത്തിന്റെ നിർമാണവും അനുബന്ധ റോഡുകളുടെ നവീകരണ പ്രവൃത്തിയും നടത്തുന്നത്.
6-11-2020ന് പാലം നിർമ്മാണത്തിന് സർക്കാർ 11.16 കോടി രൂപ അനുവദിച്ചതോടെയാണ് നാട്ടുകാരുടെ ഏറെക്കാലമായുള്ള സ്വപ്നത്തിന് ചിറക് മുളച്ചത്. 2021 ഡിസംബർ 5 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച പാലം പ്രവൃത്തിയുടെ കരാർ എടുത്തത് പി.ടി.എസ് ഹൈടെക് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡ് ആണ്. 32.825 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനും, 12.50 മീറ്റർ നീളത്തിലുള്ള 2 ലാൻ്റ് സ്പാനും, 32 മീറ്റർ നീളത്തിലുള്ള സെൻ്റർ സ്പാനും ഉൾപ്പെടെ അഞ്ച് സ്പാനിൽ 123.55 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയും, 7.50 മീറ്റർ വീതിയിൽ കാരിയേജ് വേയും ഉൾപ്പെടെ ആകെ 11 മീറ്റർ വീതിയാണ് പാലത്തിനുള്ളത്. പാലത്തിൻ്റെ അടിത്തറ പൈൽ ഫൗണ്ടേഷനാണ്. ചെട്ടിക്കടവ് ഭാഗത്ത് 168 മീറ്ററും, ചാത്തമംഗലം ഭാഗത്ത് 190 മീറ്ററും നീളത്തിൽ അനുബന്ധ റോഡും നിർമ്മിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







