കൊല്‍ക്കത്ത: പാളം മുറിച്ചുകടക്കുന്നതിനിടെ സ്കൂള്‍ വാനില്‍ ട്രെയിനിടിച്ച് രണ്ട് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിരവധി വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.കർണസുബർണ റെയില്‍വേ ലെവല്‍ ക്രോസിംഗില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. പാളം മുറിച്ചുകടക്കുന്നതിനിടെയാണ് നിമ്തിത-കത്വ പാസഞ്ചർ ട്രെയിൻ സ്കൂള്‍ വാനിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിന്റെ ആഘാതത്തില്‍ വാൻ പൂർണമായും തകർന്നു. പരിക്കേറ്റ വിദ്യാർത്ഥകളെ ഉടൻതന്നെ മുർഷിദാബാദ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.മുർഷിദാബാദ് സ്റ്റേഷനിലേക്കുള്ള ട്രെയിൻ കടന്നുപോകുന്നതിനായി ആദ്യം റെയില്‍ വേ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ട്രെയിൻ കടന്നുപോയ ഉടൻതന്നെ ഗേറ്റ് തുറന്നതിനാല്‍ വാഹനങ്ങള്‍ പാളം മറികടക്കാൻ തുടങ്ങി. ഈ സമയം മറ്റൊരു ട്രാക്കിലൂടെയെത്തിയ ലോക്കല്‍ ലോക്കല്‍ ട്രെയിനാണ് സ്കൂള്‍ വാനിലിടിച്ചത്. ട്രെയിൻ വരുന്നത് മനസിലാക്കി ഗേറ്റ് അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. ഗേറ്റ്കീപ്പറുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് ദൃക്സാക്ഷികളുടെ ആരോപണം. ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിനൊപ്പം സിഗ്നല്‍ സംവിധാനത്തിലെന്തെങ്കിലും തകാരാറുണ്ടായതാണോ അപകടത്തിലേക്ക് നയിച്ചതെന്നും ഉദ്യോഗസ്ഥർ പരശോധിക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










