ഫോട്ടോസ്റ്റാറ്റ് കട, ഇന്റർനെറ്റ് കഫേ, തുണിക്കട, മീൻ കച്ചവടം. അങ്ങനെ പൊട്ടിയ ബിസിനസുകൾ നീണ്ടുപോകുന്നു അപ്പോഴാണ് വിദേശത്തുപോയാൽ നല്ല ശമ്പളം കിട്ടുമെന്നുകേട്ടത് നേരെ സൗദിയിലേക്കു വിട്ടു. പോയവേഗത്തിൽ തന്നെ തിരിച്ചുപോന്നു. ഒടുവിൽ, നാട്ടിലെത്തി മെഡിക്കൽ റെപ്പായി. അത്യാവശ്യം വരുമാനമൊക്കെയായി പച്ചപിടിച്ചു വരുമ്പോഴതാ ‘കോവിഡ് എന്ന മഹാമാരി വരുന്നത് . അതോടെ ആ പണിയും പോയി.അങ്ങനെ എന്തുചെയ്താലും പൊട്ടുന്ന പ്രമോദ് എന്ന ‘പ്രശസ്തി’ നാട്ടിലാകെ പടർന്നു.അങ്ങനെ വീട്ടിൽ വെറുതേയിരിക്കുന്ന സമയത്ത് വീഡിയോകൾ ചെയ്തു യൂട്യൂബിലേക്കു ഇട്ടത് അത്ഭുതമെന്ന് പറയട്ടെ ആ വീഡിയോ അങ്ങ് കേറി ക്ലിക്കായി . തമാശകണ്ടു രസിക്കാൻ ആളേറെയുണ്ടെന്നു പിടികിട്ടി. ഭാര്യ വിഷ്ണുപ്രിയയും മക്കളായ നിരഞ്ജനയും നിരഞ്ജനും അഭിനയിക്കാനും ക്യാമറയുമായി ‘ഒപ്പം ചാടാനും’ കൂടെക്കൂടി. ഇന്നു രണ്ടരലക്ഷത്തിലധികം പേരാണ് ഇവരുടെ ചാനലിനു സ്ഥിരം കാഴ്ചക്കാർ. ചില വീഡിയോകൾക്കു പത്തുലക്ഷത്തിലധികവും. മാസവരുമാനം 50,000 മുതൽ ലക്ഷംവരെ രൂപ.
ചേർത്തല അരീപ്പറമ്പ് ചക്കാലവെളിയിൽ പരേതനായ മോഹനന്റെയും പൊന്നമ്മയുടെയും മകൻ പ്രമോദ് കുമാറിനു പണ്ടുമുതലേ അഭിനയത്തോടു കമ്പമുണ്ട്. നാട്ടിലെ ദ്രാവിഡഗോത്രം നാടകസമിതിയിൽ അംഗമായിരുന്നു. അന്ന് അഭിനയം കണ്ടു കൂട്ടുകാർ ഗംഭീരമെന്നു പറഞ്ഞു. അന്നുതുടങ്ങിയതാണ് സിനിമ ആലോചന. അങനെ കൊച്ചിയിൽ സിനിമ ഒഡീഷനു പോകുന്നത് പതിവായി. പക്ഷേ, ഒന്നിലും അവസരം ലഭിച്ചില്ല. കളിയാക്കലുകളുടെ പെരുമഴക്കാലമായി. ചില, ഒഡീഷൻകാർ കണ്ടംവഴി ഓടിച്ചുവിട്ടു. അതോടെ, വാശിയായി. അക്കാലത്താണ് തനി നാടൻ സംസാരവും നാട്ടുവിശേഷങ്ങളുമൊക്കെയായി ‘കരിക്ക്’ യൂട്യൂബിൽ ഹിറ്റായത്. ചേർത്തലയിലെ നാടൻ ഭാഷയിൽ അത്തരം വീഡിയോകൾ ചെയ്താലോ എന്ന ചിന്തവന്നു. അങ്ങനെ, കൂട്ടുകാരുമായി ചേർന്ന് അതിനു തുടക്കമിട്ടു. വീട്ടിൽനിന്നു പുറത്തിറങ്ങാനാകാത്ത അവസ്ഥ. ഒടുവിൽ വീടുതന്നെ ലൊക്കേഷനായി. ക്യാമറയ്ക്കു മുന്നിലും പിന്നിലും വീട്ടുകാരും. പ്രമോദ് കുമാർ, ഭാര്യ വിഷ്ണുപ്രിയ, മക്കളായ ആറാംക്ലാസുകാരി നിരഞ്ജന (നിച്ചു), മൂന്നാംക്ലാസുകാരൻ നിരഞ്‍ജൻ (നന്ദു) എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഒപ്പം വിഷ്ണുപ്രിയയുടെ അച്ഛൻ കാർത്തികേയനും അമ്മ ചന്ദ്രികയും സഹോദരൻ വിഷ്ണുവുമൊക്കെ സഹ അഭിനേതാക്കളായെത്താറുണ്ട്. നജിത്ത്, അരുൺ, ജിത്ത്, സിബി… ക്യാമറയ്ക്കു മുന്നിലും പിന്നിലും ഈ കൂട്ടുകാരുമുണ്ട്. കോവിഡുകാലത്ത് പ്രമോദ്കുമാറും വിഷ്ണുപ്രിയയും ചേർന്നുള്ള രംഗം വരുമ്പോൾ മകളാവും ക്യാമറയ്ക്കു പിന്നിൽ .വീട്ടിലും നാട്ടിലുമൊക്കെ നടക്കുന്ന സംഭവങ്ങളാണു കോമഡി വീഡിയോയിൽ അവതരിപ്പിക്കുന്നത്. സ്വന്തം അനുഭവങ്ങളും കൂട്ടുകാരുടെ അനുഭവങ്ങളുമൊക്കെ അതിലുണ്ടാകും. ഒപ്പം യാത്രയിൽ കാണുന്ന സംഭവങ്ങളും. പലപ്പോഴും തിരക്കഥയെഴുതിയാണു ഷൂട്ട്. ചിലപ്പോൾ ഇല്ലാതെയും. അരീപ്പറമ്പിലുള്ള സ്വന്തം വീട്ടിൽനിന്നു മാറി ഒരുവർഷമായി ചേർത്തല മാടയ്ക്കലുള്ള വാടകവീട്ടിലാണു താമസം. ഇവിടെയാണ് വീഡിയോയുടെ ഷൂട്ടും ലൈവ് ഡബ്ബിങ്ങും. അരീപ്പറമ്പിലെ വീട് റോഡരികിലായതിനാൽ എപ്പോഴും വാഹനങ്ങളുടെ ഹോണടിശബ്ദമുണ്ട്. അതു ലൈവ് ഡബ്ബിങ്ങിനു തടസ്സമായതോടെയാണ് മാടയ്ക്കലുള്ള ഉൾപ്രദേശത്ത് വീടെടുത്തത്. ’വിഷ്ണുപ്രിയപ്രമോദ് ഉപ്പ്’ എന്ന പേരിൽ രണ്ടാമതൊരു ചാനലും തുടങ്ങി. ആദ്യ ചാനലിനെക്കാൾ റീച്ച് ഇതിനാണ്. 3.65 ലക്ഷം പേരാണു സ്ഥിരം കാഴ്ചക്കാർ. രണ്ടുചാനലിന്റെയും ചില വീഡിയോകൾക്ക് രണ്ടുചാനലും കണ്ടു സിനിമക്കാരിൽ ചിലർ വിളിച്ചിരുന്നു. ‘കവി ഉദ്ദേശിച്ചത്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരുടെ പുതിയ ചിത്രത്തിലേക്ക് ഇരുവർക്കും ക്ഷണവുമുണ്ടായിരുന്നു. പക്ഷേ, വിഷ്ണുപ്രിയയ്ക്കു കോവിഡ് ബാധിച്ചതിനാൽ പോകാൻ കഴിഞ്ഞില്ല. പക്ഷെ ഇവർക്ക് സിനിമയിൽ അഭിനയിക്കുകയല്ല, സ്വന്തമായി ഒരു സിനിമ ചെയ്യുകയാണ് ലക്ഷ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







