‘ബാഹുബലി’ ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ആര്‍ആര്‍ആറി’ന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ താക്കീതുമായി തെലങ്കാന ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയ്. ബാഹുബലിക്ക് ശേഷം എസ്. എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. ഉടന്‍ റിലീസാകാനിരിക്കുന്ന ഈ ചിത്രത്തില്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് തെലങ്കാന ബി ജെ പി രംഗത്തെത്തിയിരിയ്ക്കുകയാണ്.
ആന്ധ്രാ, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ചിലര്‍ തങ്ങളുടെ ദൈവമായി വരെ ആരാധിക്കുന്ന സ്വാതന്ത്ര്യ സമര സേനാനിയായ കോമരം ഭീമിന്റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന സിനിമയാണ് ആര്‍ ആര്‍ ആര്‍.
അങ്ങനെയുള്ള ഭീമിനെ മുസ്ലിം തൊപ്പി ധരിപ്പിച്ച് ടീസറില്‍ അവതരിപ്പിച്ചത് ശരിയായില്ലെന്നാണ് ബണ്ടി പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ ഭീം ആയി അഭിനയിക്കുന്നത് ജൂനിയര്‍ എന്‍ടിആര്‍ ആണ്. സിനിമയുടേതായി പുറത്തിറക്കിയ ക്യാരക്ടര്‍ ടീസറിലാണ് മുസ്ലീം വേഷധാരിയായി അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെയാണ് ബിജെപി അധ്യക്ഷന്‍ പ്രതികരിച്ചിരിക്കുന്നത്.സിനിമയില്‍ ഈ രംഗങ്ങള്‍ നീക്കിയില്ലെങ്കില്‍ രാജമൗലി വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇത് ഹിന്ദു വികാരവും ട്രൈബല്‍ ജനങ്ങളുടെ വികാരവും വ്രണപ്പെടുത്തിയെന്നും സിനിമയില്‍ സെന്‍സേഷന് വേണ്ടി കോമരം ഭീമിനെ തൊപ്പി ധരിപ്പിച്ചതൊന്നും അംഗീകരിക്കില്ലെന്നും ബണ്ടി മുന്നറിയിപ്പ് നല്‍കി .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









